തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയ്ക്ക് 4.48 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. തിരുവനന്തപുരം മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. ഉള്ളൂര്‍ മാവര്‍ത്തലക്കോണം ഐശ്വര്യ നഗറില്‍ പ്രസീദിന്റെ ഭാര്യ നിധി മോഹനാണ് (46) നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.
2017 ഫെബ്രുവരിയില്‍ പരുത്തിപ്പാറ ട്രാഫിക് സിഗ്നലിന് മുന്നിലാണ് അപകടം നടന്നത്. ഇരുചക്രവാഹനത്തില്‍ സിഗ്നല്‍ കാത്ത് നില്‍ക്കുകയായിരുന്ന നിധിയെ സിഗ്നല്‍ തെറ്റിച്ചെത്തിയ കാര്‍ ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ നിധിയെ വിവിധ ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും ഓര്‍മശക്തി തിരികെകിട്ടിയിരുന്നില്ല.
ഭര്‍ത്താവ് പ്രസീദാണ് നിധിയെ പരിചരിക്കുന്നത്. പൂര്‍ണ അബോധാവസ്ഥയിലായി ശരീരം തളര്‍ന്ന് കിടപ്പിലായ നിധിക്ക് പരസഹായം കൂടാതെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനോ ചലിക്കാനോ കഴിയില്ല. ഇക്കാലയളവില്‍ നിധിയുടെ സര്‍വിസും യോഗ്യതയും അനുസരിച്ച് അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും അബോധാവസ്ഥയിലായതിനാല്‍ ജോലിയില്‍ പ്രവേശിക്കാൻ സാധിച്ചില്ല.
നഷ്ടപരിഹാരമായി 2.83 കോടി രൂപയും അപകടമുണ്ടായ 2017 മുതല്‍ക്കുള്ള പലിശയുമടക്കം 4.48 കോടി രൂപ നഷ്ടപരിഹാരം നല്‍കാനാണ് തിരുവനന്തപുരം മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ശേഷാദ്രി നാഥന്‍ വിധിച്ചത്. കോടതി ചെലവായി 50 ലക്ഷം രൂപയും ഇന്‍ഷുറന്‍സ് കമ്പനി കെട്ടിവെക്കണം.
Post Your Comments