മൂന്നാർ: സ്പെഷ്യൽ ബ്രാഞ്ച് എസ്.പി എന്ന വ്യാജേന മൂന്നാറിൽ വിലസിയ യുവാവ് അറസ്റ്റിൽ. ഡിവൈ.എസ്.പിയും ഇൻസ്പെക്ടറും ചേർന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലം കരുനാഗപ്പള്ളി സത്യാലയത്തിൽ ബി. പ്രദീപ് കുമാറാണ് (41) അറസ്റ്റിലായത്.
വൈദ്യുതി ബോർഡിന്റെ അതിഥി മന്ദിരത്തിൽ സ്പെഷ്യൽ ബ്രാഞ്ച് എസ്.പി എന്ന വ്യാജേന മൂന്ന് ദിവസം മുമ്പ് ഇയാൾ മുറിയെടുത്തിരുന്നു. വ്യാഴാഴ്ച മൂന്നാർ ഡിവൈ.എസ്.പി കെ.ആർ. മനോജിനെ ബന്ധപ്പെട്ട് തനിക്ക് ലോക്കൽ പൊലീസിന്റെ ചില സഹായങ്ങൾ ആവശ്യമുണ്ടെന്ന് അറിയിച്ചു. പോക്സോ കേസ് പ്രതിയെ പിടികൂടാൻ തിരുവനന്തപുരത്തു നിന്ന് എ.ഡി.ജി.പി ശ്രീജിത്തിന്റെ സംഘത്തിലെ അംഗമായി എത്തിയതാണെന്നാണ് ഇയാൾ പറഞ്ഞത്.
ഇതോടെയാണ് ഡിവൈ.എസ്.പിക്ക് സംശയം തോന്നിയത്. തുടർന്ന് മൂന്നാർ എസ്.എച്ച്.ഒ കെ.പി. മനേഷിനെ ഇയാൾ താമസിക്കുന്ന ഗസ്റ്റ് ഹൗസിലേക്ക് പറഞ്ഞയച്ചു. അവിടെ വെച്ചാണ് ഇയാളെ പിടികൂടിയത്.
Post Your Comments