
കോഴിക്കോട് : മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അസഭ്യവാക്കുകള്‍ ചൊരിഞ്ഞും ആക്രോശിച്ചും കോണ്‍ഗ്രസ് നേതാക്കളുടെ അഴിഞ്ഞാട്ടം. കോഴിക്കോടാണ് സംഭവം. കോഴിക്കോട് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം നടക്കുന്നത് അറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെയാണ് നേതാക്കള്‍ പരസ്യമായി പച്ചത്തെറി വിളിച്ചത്. മാതാപിതാക്കളെ അടക്കം അസഭ്യം പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതെന്ന് മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പറഞ്ഞു. നേതാക്കള്‍ തന്റെ വസ്ത്രം വലിച്ച് കീറുകയും സ്വര്‍ണമാല പൊട്ടിക്കുകയും ചെയ്തതായി ഫോട്ടോഗ്രാഫര്‍ പറഞ്ഞു.
കൈരളിയിലെ വനിതാ മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് നേരെയും കോണ്‍ഗ്രസ് നേതാവ് ഭീഷണി ഉയര്‍ത്തി. ‘പെണ്ണാണെന്ന് നോക്കില്ല. കായികമായി തന്നെ നേരിടും. കേസ് വന്നാല്‍ നോക്കിക്കോളും’ എന്നാണ് വനിതാ മാധ്യമപ്രവര്‍ത്തകയോട് നേതാവ് പറഞ്ഞത്. ശനിയാഴ്ച രാവിലെയാണ് കല്ലായിലെ സ്വകാര്യ ഹോട്ടലില്‍ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാദ്ധ്യമപ്രവര്‍ത്തകര്‍ യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയതോടെയാണ് നേതാക്കള്‍ കയ്യേറ്റവും മര്‍ദ്ദനവും ആരംഭിച്ചത്.
നിങ്ങളെ മര്‍ദ്ദിച്ചാല്‍ ആരും ചോദിക്കില്ല. എന്ത് വേണമെങ്കിലും ഞങ്ങള്‍ ചെയ്യുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു മര്‍ദ്ദനം. കൈരളി ന്യൂസ്, മാതൃഭൂമി, ഏഷ്യാനെറ്റ് സ്ഥാപനങ്ങളിലുള്ളവരെയാണ് കോണ്‍ഗ്രസ് സംഘം മര്‍ദ്ദിച്ചത്. ഇതിനിടെ യോഗം അവസാനിപ്പിച്ച് ഒരു വിഭാഗം നേതാക്കള്‍ ഹോട്ടലില്‍ നിന്ന് മുങ്ങുകയും ചെയ്തു. മുന്‍ ഡിസിസി അധ്യക്ഷന്‍ കെ.സി അബുവിനെ ഒഴിവാക്കി ടി സിദ്ദിഖ് അനുകൂലികളാണ് യോഗം ചേര്‍ന്നത്. മുന്‍ ഡിസിസി പ്രസിഡന്റ് യും രാജീവന്റെ നേതൃത്വത്തിലാണ് യോഗം. നെഹ്റുവിനെ അനുസ്മരിക്കാനാണ് യോഗം ചേര്‍ന്നതെന്നായിരുന്നു നേതാക്കളുടെ വിശദീകരണം. അതേസമയം, യോഗം ചേര്‍ന്നതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം.
Post Your Comments