ദോഹ: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിൽ 152 പേർക്കെതിരെ നടപടിയുമായി പബ്ലിക് പ്രോസിക്യൂഷൻ. മാസ്‌ക് നിർബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിന് 150 പേർക്കെതിരെയും മൊബൈൽ ഫോണുകളിൽ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാത്തതിന് രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിക്കൊണ്ടുള്ള ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വിശദമാക്കി. ഖത്തറിൽ അടച്ചിട്ട പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് തുടരണമെന്നാണ് നിലവിലെ നിർദേശം. അതേസമയം തുറസായ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കേണ്ടതില്ല. പള്ളികൾ, സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റികൾ, ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിലും മാസ്‌ക് ധരിക്കണം.
സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990 ലെ 17-ാം നമ്പർ ഉത്തരവ് പ്രകാരമാണ് നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുന്നത്.
Post Your Comments