യു.എ.പി.എ ചുമത്തപ്പെട്ടത് ജയിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ വിഷയത്തിൽ കേരള സർക്കാറിന്റെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്ന് നജീബ് കാന്തപുരം എം.എൽ.എ. നീതിക്ക് വേണ്ടി വലിയ മുറവിളികളുയർന്നിട്ടും കേരളത്തിലെ മാധ്യമ പ്രവർത്തകർ ഒന്നിച്ച് ശ്രമിച്ചിട്ടും യോഗിയുടെ ഫാസിസ്റ്റ് സർക്കാർ ഒരു അയവും വരുത്തിയില്ലെന്നും അതേ നയം തന്നെയാണ് പിണറായി സർക്കാരും കാപ്പനോട് കാണിക്കുന്നതെന്നും നജീബ് കാന്തപുരം ഫേസ്‌ബുക്കിൽ കുറിച്ചു.
നജീബ് കാന്തപുരത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
സിദ്ദീഖ് കാപ്പനെ ആർക്കാണ് പേടി? മലയാളിയായ ഒരു മാധ്യമ പ്രവർത്തകൻ ഒരു വർഷമായി വിചാരണ പോലുമില്ലാതെ യു.പി പോലീസിന്റെ കള്ളക്കേസിൽ ജയിലിനകത്താണ്. നീതിക്ക് വേണ്ടി വലിയ മുറവിളികളുയർന്നിട്ടും കേരളത്തിലെ മാധ്യമ പ്രവർത്തകർ ഒന്നിച്ച് ശ്രമിച്ചിട്ടും യോഗിയുടെ ഫാസിസ്റ്റ് സർക്കാർ ഒരു അയവും വരുത്തിയില്ല. മാത്രമല്ല രോഗിയായ കാപ്പനെ മനുഷ്യത്വ രഹിതമായി പീഢിപ്പിക്കുകയാണ്. എന്നാൽ എന്നെ അൽഭുതപ്പെടുത്തിയത് പിണറായി സർക്കാറിന്റെ നിലപാടാണ്. ഒരു ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളി അകത്തായപ്പോൾ അദ്ദേഹത്തെ രക്ഷിക്കാൻ യു.എ.ഇ സർക്കാറിൽ പോലും സമ്മർദ്ദം ചെലുത്തിയ പിണറായി സിദ്ദീഖ് കാപ്പനു വേണ്ടി ചെറുവിരൽ അനക്കിയില്ലെന്ന് മാത്രമല്ല കാപ്പന്റെ ഭാര്യയുടെ കണ്ണീരിനു ഒരു വിലയും നൽകിയില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം സബ്മിഷനായി കൊണ്ട് വരാൻ നിരന്തരമായി ഞാൻ ശ്രമിച്ചു. സ്പീക്കറുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടു. സഭ അവസാനിക്കുന്നതിനു തൊട്ട് മുമ്പ് വീണ്ടും ശ്രമിച്ചു. അതുമാത്രം അനുവദിക്കപ്പെട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതിയില്ലെന്നാണ് ഒടുവിലത്തെ വിശദീകരണം. മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെ കയ്യിലാണെന്ന് തിരിച്ചറിയാൻ ഇതിലും വലിയ അനുഭവം ഇനി വേണ്ട. കാപ്പന്റെ വിഷയം കേരള നിയമസഭ ചർച്ച ചെയ്യുന്നത് പോലും നിങ്ങൾക്ക് അസഹ്യമാണെങ്കിൽ യോഗിയും പിണറായിയും തമ്മിൽ എന്താണ് വ്യത്യാസം ?
Post Your Comments