ന്യൂഡല്‍ഹി: ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആദ്യമായി ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കാനും പിഴയും തടവുശിക്ഷയും ഒഴിവാക്കാനുമാണ് തീരുമാനം. ഇതിനായി നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് നിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യും. എന്നാല്‍ ലഹരിക്കടത്ത് ക്രിമിനല്‍ കുറ്റമായി തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ചെറിയ തോതില്‍ മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലാത്ത വിധം നിലവിലെ നിയമം പരിഷ്‌കരിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക ക്ഷേമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം അടക്കമുള്ള മന്ത്രാലയങ്ങള്‍ തമ്മില്‍ ചര്‍ച്ച നടക്കുകയാണ്. എന്‍ഡിപിഎസ്എ നിയമത്തിന്റെ 27-ാം വകുപ്പില്‍ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഈ വകുപ്പ് പ്രകാരം നിലവില്‍ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കുന്ന കുറ്റമായിരുന്നു ഇത്. പുതിയ നിയമഭേദഗതി വരുന്നതോടെ ഇവയെല്ലാം ഒഴിവാകും. ഇത്തരക്കാര്‍ക്ക് 30 ദിവസത്തെ കൗണ്‍സിലിങ് ഉള്‍പ്പെടെ നല്‍കാനാണ് തീരുമാനം.
മയക്കുമരുന്നിന് അടിമപ്പെട്ട ഒരാള്‍ക്ക് പരിരക്ഷ നല്‍കുവാനും ആക്ടിലെ സെക്ഷന്‍ 64.എ യില്‍ പറയുന്നുണ്ട്. എന്നാല്‍ കോടതിക്ക് മാത്രമാണ് ഇതിനുള്ള അധികാരമുള്ളത്. മയക്കുമരുന്ന് കേസില്‍പ്പെട്ടയാള്‍ ലഹരിമരുന്ന് ഉപയോഗത്തിന് അടിമയാണെങ്കില്‍ ലഹരിവിമുക്ത ചികിത്സയ്ക്ക് തയ്യാറാണെന്ന് സമ്മതിച്ചാല്‍ മാത്രമാണ് നിയമപരിരക്ഷ ലഭിക്കുക. ചെറിയ അളവില്‍ മാത്രമാണ് ലഹരി കൈവശമുള്ളതെങ്കില്‍ മാത്രമാണ് പരിരക്ഷ ലഭിക്കുക.
മയക്കു മരുന്നുകള്‍ കൈവശം വെയ്ക്കല്‍, ഉപയോഗം, വില്‍പ്പന തുടങ്ങിയവയാണ് എന്‍ഡിപിഎസ് ആക്ടില്‍ പ്രധാനമായും പറയുന്ന കാര്യങ്ങള്‍. 1985ല്‍ ആണ് രാജ്യത്ത് എന്‍.ഡി.പി.എസ് ആക്ട് നിലവില്‍ വന്നത്. മയക്കുമരുന്ന് നിര്‍മ്മിക്കുക, ഉപയോഗിക്കുക, മറ്റുള്ളവര്‍ക്ക് വിപണനം ചെയ്യുക, പണം കൊടുത്ത് വലിയ അളവില്‍ വാങ്ങുക തുടങ്ങിയവ തടയുകയാണ് നിയമം കൊണ്ടുവന്നതിലൂടെ ഉദ്ദേശിക്കുന്നത്.
Post Your Comments