ടെഹ്റാൻ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതോടെ ജീവിത മാർഗ്ഗം നഷ്ടപ്പെട്ട അഫ്ഗാനികൾ കൂട്ടത്തോടെ ഇറാനിലേക്ക് പലായനം ചെയ്യുന്നു. പ്രതിദിനം അയ്യായിരത്തോളം പേരാണ് ഇറാനിലേക്ക് കടക്കുന്നത്. ശൈത്യകാലം ആരംഭിക്കുന്നതോടെ ഇവരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
താലിബാൻ ഭരണം ആരംഭിച്ച ശേഷം ഏകദേശം മൂന്ന് ലക്ഷത്തോളം അഫ്ഗാൻ സ്വദേശികൾ ഇറാനിലെത്തിയതായാണ് കണക്ക്. ഇത് ഇറാനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതായും അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. താലിബാൻ അധികാരമേറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനുള്ള അന്താരാഷ്ട്ര സഹായം ഇല്ലാതായതും അഫ്ഗാൻ ദേശീയ ബാങ്കിന്റെ ആസ്തികൾ മരവിപ്പിച്ചതും രാജ്യത്തെ ജനങ്ങളെ ഏറെക്കുറെ പാപ്പരാക്കിയിരിക്കുകയാണ്.
ഈ സ്ഥിതിക്ക് മാറ്റമുണ്ടായില്ലെങ്കിൽ 2015ൽ യൂറോപ്പിനെ പിടിച്ച് കുലുക്കിയ സിറിയൻ അഭയാർത്ഥി പ്രവാഹത്തിന് സമാനമായ അവസ്ഥ ഇറാനിൽ സംജാതമാകുമെന്ന് നോർവീജിയൻ അഭയാർത്ഥി കൗൺസിൽ മുന്നറിയിപ്പ് നൽകുന്നു. അഫ്ഗാൻ ജനതയെ സഹായിക്കാൻ ലോകരാജ്യങ്ങൾ സന്നദ്ധമാകണമെന്നും അവർ അഭ്യർത്ഥിക്കുന്നു. അഫ്ഗാനിസ്ഥാൻ ജനസംഖ്യയുടെ പകുതിയിലധികവും ഭക്ഷണക്ഷാമം നേരിടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments