തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വഴി തടയൽ സമരത്തെ ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജ് ഭീഷണി നേരിടുന്നതായി നടനും കൊല്ലം എം.എൽ.എയുമായ മുകേഷ്. നിയമസഭയില്‍ സബ്മിഷൻ അവതരിപ്പിച്ച് കൊണ്ടാണ് മുകേഷ് ഇക്കാര്യം പറഞ്ഞത്.
ജോജുവിന്‍റെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ജോജുവിന്‍റെ സിനിമകളുടെ ചിത്രീകരണം തടസപ്പെടുത്തുന്നതായും മുകേഷ് പറഞ്ഞു. ഒരു പൗരന്‍ എന്ന നിലയിലുള്ള പ്രതികരണം മാത്രമാണ് ജോജുവില്‍ നിന്ന് ഉണ്ടായത്. എന്നാല്‍ ജോജുവിനെ മദ്യപാനിയെന്ന് ആക്ഷേപിച്ചു, തന്റെ വാഹനം ഉള്‍പ്പെടെ അക്രമിച്ചവർക്കെതിരെ ജോജു നല്‍കിയ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും മുകേഷ് സഭയെ അറിയിച്ചു.
Read Also : സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരികെയെത്തുന്നു : ആഘോഷമാക്കി സിപിഎം
അതേസമയം, സിനിമാ ചിത്രീകരണം തടയുക എന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ തടയല്‍ മാത്രമല്ല, പൗരസ്വാതന്ത്ര്യത്തിന്റെ പ്രശ്നം കൂടിയാണെന്ന് മുകേഷിന്‍റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനു നേരെ ദയാദാക്ഷിണ്യമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. കലാരംഗത്തുള്ളവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഏതു വിധത്തിലുള്ള കടന്നുകയറ്റത്തെയും ശക്തമായി നേരിടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments