മനാമ: കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്ക് ബഹ്‌റൈനിൽ ക്വാറന്റെയ്ൻ ആവശ്യമില്ലെന്ന് ഇന്ത്യൻ എംബസി. ബഹ്റൈൻ തങ്ങളുടെ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തിയ സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നെത്തുന്ന വാക്‌സിനെടുത്തിട്ടുള്ള യാത്രികർക്ക് 10 ദിവസത്തെ ക്വാറന്റെയ്ൻ ഒഴിവാക്കാൻ തീരുമാനിച്ചത്.
ലോകാരോഗ്യ സംഘടനയോ ബഹ്‌റൈൻ അംഗീകരിച്ചിട്ടുള്ളതോ ആയ വാക്‌സിൻ സ്വീകരിച്ചവർക്കാണ് ക്വാറന്റെയ്‌നിൽ ഇളവ് നൽകുന്നതെന്ന് എംബസി വ്യക്തമാക്കി. ഇത്തരം യാത്രികർക്ക് വാക്‌സിനെടുത്തതായി തെളിയിക്കുന്ന കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. വാക്‌സിൻ സർട്ടിഫിക്കറ്റുകളിൽ ക്യൂആർ കോഡ് സർട്ടിഫിക്കറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകണമെന്നും എംബസി നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യയിൽ നിന്നെത്തുന്ന വാക്‌സിനെടുത്തിട്ടുള്ള യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് നിർബന്ധമാക്കിയിരുന്ന ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുകളും ഒഴിവാക്കിയിട്ടുണ്ട്.
Post Your Comments