ന്യൂഡല്‍ഹി : അന്താരാഷ്ട്ര വേദികളിലടക്കം താലിബാന്റെ ഭീകരതയെ ഉയര്‍ത്തിക്കാട്ടി തള്ളിപ്പറയുമ്പോഴും, അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങളില്‍ ഇടപെട്ട് ഭീകരരെ പ്രകോപിപ്പിക്കാന്‍ ഇന്ത്യ ഇതുവരെ തയ്യാറായിരുന്നില്ല. അനൗദ്യോഗിക ചര്‍ച്ചകള്‍ താലിബാനുമായി നടത്തിയിട്ടുണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും ഇക്കാര്യത്തില്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് നിശബ്ദത പാലിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ അഫ്ഗാന്റെ അയല്‍ രാജ്യക്കാരായ മേഖലയിലെ വിവിധ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ (എന്‍എസ്എ) യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുകയാണ്.
റാഞ്ചിയെടുത്ത ഇന്ത്യന്‍ വിമാനം അഫ്ഗാന് മണ്ണിലിറക്കി പാക് ഭീകരര്‍ വിലപേശിയിട്ടും ഇന്ത്യ അന്ന് അഫ്ഗാന് ഭരിച്ചിരുന്ന താലിബാനെതിരെ നേരിട്ട് ഒരു നടപടിക്ക് മുതിര്‍ന്നിരുന്നില്ല. എന്നാൽ അഫ്ഗാനില്‍ താലിബാന് ഭരണം ആരംഭിച്ചതിന് പിന്നാലെ ഇങ്ങനെ ഒരു യോഗം ഇപ്പോള്‍ നടത്താന്‍ ഡല്‍ഹി തയ്യാറെടുക്കുന്നതിന്റെ കാരണം നയതന്ത്ര വിദഗ്ദ്ധര്‍ ഉറ്റുനോക്കുകയാണ്.
അഫ്ഗാനുള്‍പ്പെടുന്ന മേഖലയിലെ വെല്ലുവിളികളെ കുറിച്ചും, സുരക്ഷ പ്രശ്നങ്ങളെ കുറിച്ചും മേഖലയിലെ സുരക്ഷാ ഉപദേഷ്ടാക്കളുടെ സമ്മേളനം ഇതിന് മുന്‍പും നടന്നിട്ടുണ്ട്. 2018 ലും 2019 ലും ഈ വിഷയത്തില്‍ വിവിധ രാജ്യ പ്രതിനിധികള്‍ ഒത്തു ചേര്‍ന്നു ചര്‍ച്ച നടത്തിയിട്ടുണ്ട്. ശരിക്കും ഇപ്പോള്‍ ഡല്‍ഹിയില്‍ ചേരുന്ന സമ്മേളനം കഴിഞ്ഞ വര്‍ഷം നടത്തേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് കാരണം നീട്ടിവയ്ക്കുകയായിരുന്നു. ഇപ്പോള്‍ അഫ്ഗാനില്‍ താലിബാന്റെ നേതൃത്വത്തില്‍ ഭരണകൂടം നിലവില്‍ വന്നതിനാലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം കൂടുതല്‍ ശ്രദ്ധ നേടുന്നത് .
അമേരിക്ക അഫ്ഗാനില്‍ നിന്നും പിന്മാറിയപ്പോള് അത് ബാധിക്കുക ഇന്ത്യയെയായിരിക്കും എന്ന് കരുതിയവര്‍ക്കുള്ള മറുപടിയാണ് ഏഴ് രാജ്യങ്ങളെ അണിനിരത്തി ഡല്‍ഹിയില്‍ ഡോവല്‍ വിളിച്ചിരിക്കുന്ന മേഖലയിലെ സുരക്ഷാ ഉപദേഷ്ടാക്കളുടെ സമ്മേളനം. യു എന്നിലും മറ്റ് വേദികളിലും അഫ്ഗാനിലെ താലിബാന് ഭരണത്തെ കുറിച്ചുള്ള ആശങ്കകളും മുന്നറിയിപ്പും ഇന്ത്യ തുറന്ന് പറഞ്ഞിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അടുത്തിടെ ഇറ്റലിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഭീഷണിയെ കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ത്യ അഫ്ഗാനില്‍ വിവിധ പദ്ധതികളില്‍ നിക്ഷേപിച്ച മൂന്ന് ബില്യണ്‍ ഡോളറിലധികം വരുന്ന പദ്ധതികളുടെ ഭാവി തുലാസിലായിരിക്കുകയാണ്. വരുന്ന നവംബര്‍ 10, 11 തീയതികളില്‍ അഫ്ഗാനിസ്ഥാന്റെ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ (എന്‍എസ്എ) യോഗത്തിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, റഷ്യ, ഇറാന്, പാകിസ്ഥാന്, ചൈന തുടങ്ങി മേഖലയിലെ ഒന്‍പത് രാജ്യങ്ങളെയാണ് ഇന്ത്യ ക്ഷണിച്ചത്.
എന്നാല്‍ ഇതില്‍ ഏഴ് രാജ്യങ്ങള്‍ യോഗത്തില്‍ തങ്ങളുടെ പങ്കാളിത്തം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ക്ഷണം നിരസിച്ച രണ്ട് രാജ്യങ്ങള്‍ പാകിസ്ഥാനും ചൈനയുമാണ്. ഈ രണ്ട് രാജ്യങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. കാരണം ഈ രാജ്യങ്ങള്‍ താലിബാന് അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതില്‍ സന്തോഷിക്കുന്നവരാണ് എന്നതാണ് കാരണം. ഇതുവരെ അഫ്ഗാനില്‍ നിലനിന്നിരുന്ന ജനാധിപത്യ സര്‍ക്കാരില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നവരാണ് അവര്‍.
അതേസമയം താലിബാന്റെ അഫ്ഗാനിസ്ഥാനിലേക്കുള്ള തിരിച്ചുവരവ് ഭീകരതയെ സ്പോണ്സര് ചെയ്യാനുള്ളപാകിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നുമുണ്ട്. ഈ അവസ്ഥയില്‍ ഇനിയും കാഴ്ചക്കാരായി ഇരിക്കാതെ കളത്തിലിറങ്ങാന്‍ ഇന്ത്യയെ തയ്യാറാക്കുകയാണ് ഡല്‍ഹി വേദിയാവുന്ന ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം എന്നത് ഉറപ്പാണ്.
Post Your Comments