പാലക്കാട്: മുല്ലപെരിയാർ വിഷയത്തിൽ നടക്കുന്നത് എൽഡിഎഫും ഡിഎംകെയും തമ്മിലുള്ള ഒത്തുകളിയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ബേബി ഡാമിലെ മരങ്ങൾ മുറിക്കാൻ അനുമതി കൊടുത്തത് സർക്കാർ അറിഞ്ഞു കൊണ്ട് തന്നെയാണെന്ന് അദ്ദേഹം ആരോപിച്ചു. തമിഴ്നാട്ടിൽ ഡിഎംകെയുടെ കൂട്ടുമുന്നണിയാണ് സിപിഎം എന്നും പാർട്ടി അറിയാതെ ഒന്നും നടക്കില്ല എന്നും അദ്ദേഹം ആരോപിച്ചു.
അദ്ദേഹത്തിന്റെ പത്ര കുറിപ്പിന്റെ പൂർണ്ണ രൂപം:
കേരളം ഭരിക്കുന്നത് എൽഡിഎഫ് സർക്കാരല്ല , മറിച്ച് ഡിഎംകെയുടെ പെയ്ഡ് സർക്കാരാണ് എന്ന് മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ നൽകിയ രഹസ്യ അനുവാദത്തിലൂടെ വ്യക്തമായിരിക്കുകയാണ് . കേരളത്തിലെ മാധ്യമങ്ങൾ പോലും ഇക്കാര്യം അറിയുന്നത് തമിഴ്നാട് മുഖ്യമന്ത്രി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നന്ദി പറയുമ്പോഴാണ്
മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണ് മരം മുറിക്കാൻ നൽകിയ അനുവാദത്തോടെ കേരള സർക്കാരിൽ നിന്നുണ്ടായത് . ബേബി ഡാം ശക്തിപ്പെടുത്തി എന്ന വാദം ഉന്നയിക്കാനും അത് വഴി പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തെ ഖണ്ഡിക്കാനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് വേണ്ട സൗകര്യമൊരുക്കി കൊടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തിരിക്കുന്നത് .
ഡിഎംകെയുടെ കയ്യിൽ നിന്നും കോടികൾ ഇലക്ഷൻ ഫണ്ടിലേക്ക് വാങ്ങിയതിന്റെ പ്രത്യുപകാരമായാണ് സിപിഎം മുല്ലപ്പെരിയാറിൽ കേരളത്തിന്റെ താൽപ്പര്യങ്ങൾ ബലികഴിച്ചിരിക്കുന്നത് .
മുല്ലപ്പെരിയാർ ഡാം സുരക്ഷ കേരളത്തിലെ ജനങ്ങളുടെ ജീവൽ പ്രശ്നമാണ് . മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം . തമിഴ്നാടിന് ജലവും കേരളത്തിന് സുരക്ഷയും ഉറപ്പു വരുത്തേണ്ടതുണ്ട് .
സന്ദീപ് വാര്യർ
ബിജെപി സംസ്ഥാന വക്താവ്
Post Your Comments