കൊച്ചി: ബിഗ് ബഡ്ജറ്റ് മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നതിനൊപ്പം ചിത്രം തിയേറ്ററില്‍ എത്തിക്കാനും നീക്കം. വിഷയത്തില്‍ ആമസോണ്‍ പ്രൈമുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. ആമസോണ്‍ അനുമതി നല്‍കിയാല്‍ ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.
ആമസോണ്‍ പ്രിമിയര്‍ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഫാന്‍സ് ഷോ, തിയേറ്റര്‍ റിലീസ് എന്നിവ നടത്താനാണ് ആന്റണി പെരുമ്പാവൂരും ആശിര്‍വാദ് സിനിമാസും ശ്രമിക്കുന്നത്. 150 ദിവസം കഴിഞ്ഞാല്‍ തിയേറ്റര്‍ റിലീസ് ചെയ്യാനുള്ള അനുമതി ഒടിടി കരാറില്‍ നേരത്തെ ആക്കാനും നീക്കം നടക്കുന്നതായി സിനിമാ വൃത്തങ്ങള്‍ അറിയിക്കുന്നു. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള നാല്പതോളം തിയേറ്ററുകളിലും നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലും ചില ഉടമകളുടെ തിയേറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കാനാണ് നീക്കം.
തിയേറ്റര്‍ ഉടമകളുമായി കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ചിത്രം ഒടിടിയിലൂടെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നത്. കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്ററുകള്‍ തുറന്നെങ്കിലും വേണ്ടത്ര ജനപങ്കാളിത്തമില്ല. മരക്കാര്‍ പോലൊരു ചിത്രം റിലീസിനെത്തിയാല്‍ പ്രേക്ഷകര്‍ കൂടുതലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു തിയേറ്ററുടമകള്‍. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Post Your Comments