പാലക്കാട്: പാലക്കാട് കഞ്ചിക്കോട് എക്സൈസിനെവെട്ടിച്ച് കടന്ന കാറിൽ നിന്ന് 54 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ തിരൂരങ്ങാടി സ്വദേശി രഞ്ജിത്, തിരൂർ സ്വദേശി ശിഹാബ് എന്നിവരെ അറസ്റ്റു ചെയ്തു. ഇതിൽ ശിഹാബിന്റെ അറസ്റ്റ് വിവരം വീട്ടിലറിയ്ക്കാനായി എക്സൈസ് വിളിച്ചപ്പോഴാണ് സിനിമയെ വെല്ലുന്ന വിവരങ്ങൾ പുറത്തായത്.
ശിഹാബ് ദുബായിലാണെന്നും നിങ്ങൾക്ക് ആളുമാറിയിട്ടുണ്ടാവും എന്നായിരുന്നു ശിഹാബിന്റെ പിതാവ് എക്സൈസിനോട് പറഞ്ഞത്. ഇതോടെ എക്സൈസിനും ആശയക്കുഴപ്പമായി. അവർ ശിഹാബിന്റെ ഫോട്ടോ വീട്ടിലേക്ക് അയച്ചുകൊടുത്തതോടെയാണ് മകൻ ഇത്രയും നാൾ ദുബായിലാണെന്ന് പറഞ്ഞത് നുണയായിരുന്നുവെന്ന് ബോധ്യമാക്കുകയായിരുന്നു.
കോർണിഷ് സ്ട്രീറ്റിൽ താത്ക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു: അറിയിപ്പുമായി ഖത്തർ
ശിഹാബ് കഴിഞ്ഞ മൂന്ന് വർഷത്തോളമായി വിദേശത്താണ് എന്നായിരുന്നു വീട്ടുകാരും നാട്ടുകാരും കരുതിയിരുന്നത്. ദുബായിൽ സൂപ്പർ മാർക്കറ്റിലാണു ജോലിയെന്ന് വീട്ടുകാരോട് പറഞ്ഞിരുന്ന ഇയാൾ ദുബായിൽ നിന്നാണെന്ന് പറഞ്ഞ് ദിവസവും ഫോൺ ചെയ്യാറുണ്ടായിരുന്നു. ദുബായിൽ നിന്നാണെന്ന രീതിയിൽ എല്ലാ മാസവും മുടങ്ങാതെ പണം അയക്കാറുണ്ടെന്നും വീട്ടുകാർ പറയുന്നു.
അതിനാലാണ് ശിഹാബ് അറസ്റ്റിലാണെന്ന് പറഞ്ഞിട്ടും വീട്ടുകാർ വിശ്വസിക്കാതിരുന്നത്. ശിഹാബിന്റെ കൈവശം ഉണ്ടായിരുന്ന ഇന്തോനേഷ്യൻ സിം ഉപയോഗിച്ച് ഇന്റർനെറ്റ് കോളാണ് ഇയാൾ ചെയ്തിരുന്നതെന്നും എക്സൈസ് വ്യക്തമാക്കി. ഷിഹാബിനെ ചോദ്യം ചെയ്തതോടെയാണ് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച കഥ പുറത്തായത്. കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി കടത്തിലൂടെ ലഭിച്ചിരുന്ന പണമാണ് ഇയാൾ വീട്ടിലേക്ക് അയച്ചിരുന്നതെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി.
Post Your Comments