ഭുവനേശ്വർ: കേന്ദ്ര സർക്കാർ നികുതി നിരക്ക് കുറച്ചതിനെ തുടർന്ന് ഡീസൽ വില കുറഞ്ഞതോടെ ബസ് ചാർജ് നിരക്ക് പുതുക്കി നിശ്ചയിച്ച് ഒഡീഷ സർക്കാർ. ഇന്ധന നികുതിയിൽ മാറ്റമുണ്ടായതിന് പിന്നാലെ സംസ്ഥാനം വാറ്റ് കൂടി കുറച്ചതോടെ ഡീസൽ വിലയിൽ വലിയ മാറ്റമാണ് ഒഡീഷയിൽ ഉണ്ടായത്. സംസ്ഥാനത്ത് ഡീസൽ വില 102.34 രൂപയിൽ നിന്ന് 91.61 രൂപയായാണ് കുറഞ്ഞിരിക്കുന്നത്.
Also Read:യമുനാ നദിയിൽ അമോണിയ: ഡൽഹിയിൽ ജലവിതരണം തടസ്സപ്പെടും
സിറ്റി ബസുകൾ ഒഴികെയുള്ളവയുടെ നിരക്ക് കുറക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ബസ് ചാർജ് കുറച്ച് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവിറക്കി. ഓർഡിനറി ബസുകൾക്ക് കിലോമീറ്ററിന് ഈടാക്കിയിരുന്ന 92 പൈസയിൽ നിന്ന് 87 പൈസയായി കുറച്ചു. എക്സ്പ്രസ് ബസുകളുടെത് 96 പൈസയിൽ നിന്ന് കിലോമീറ്ററിന് 91 പൈസയുമാക്കി പുനർ നിശ്ചയിച്ചു.
ഡീലക്സ്, എ സി ഡീലക്സ്, സൂപ്പർ പ്രീമിയം ബസുകളിലും ആനുപാതികമായ നിരക്ക് കുറവുണ്ടായി. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിന് ശേഷം നവംബർ 4 ന് ഒഡീഷ സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർദ്ധിത നികുതി മൂന്ന് രൂപയായി കുറച്ചിരുന്നു. ഇതിനെ തുടർന്നാണ് ബസ് ചാർജ് കുറയ്ക്കാൻ സാധിച്ചത്.
Post Your Comments