KeralaLatest NewsNews

പലർക്കും പരസ്യമായി കോൺഗ്രസിനൊപ്പം നിൽക്കാൻ ഭയമാണ്: പിഷാരടിയെക്കുറിച്ചു ഡോ: എസ്.എസ്. ലാൽ

കോൺഗ്രസ് മുഖ്യമന്തിമാരുടെയും മന്ത്രിമാരുടെയും ഓഫീസുകളിൽ പുതിയ ഖദറുമിട്ട് കയറിയിറങ്ങുന്ന ഇത്തരം പഞ്ചവത്സര ഇടതന്മാരെ ഒരുപാട് കണ്ടിട്ടുണ്ട്

നടനും സംവിധായകനുമായ രമേശ് പിഷാരടിയെക്കുറിച്ചു കോൺഗ്രസ് നേതാവ് ഡോ: എസ്.എസ്. ലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. പലർക്കും പരസ്യമായി കോൺഗ്രസിനൊപ്പം നിൽക്കാൻ ഭയമാണെന്നും പിഷാരടിയെപ്പോലൊരാൾ കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കുന്നത് ധൈര്യമാണെന്നും എസ് എസ് ലാൽ പറയുന്നു.

കുറിപ്പ് പൂർണ്ണ രൂപം

ഇടതഭിനയമില്ലാതെ ..
ഈ ചിത്രം വല്ലാതെ ഇഷ്ടപ്പെട്ടു. കോൺഗ്രസുകാരനായതുകൊണ്ടോ പ്രശസ്തനായ പിഷാരടി കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്തതുകൊണ്ടോ മാത്രമല്ല. പിഷാരടിയെപ്പോലൊരാൾ ഇങ്ങനെ ധൈര്യം കാണിച്ചതുകൊണ്ട് മാത്രം.

സത്യമാണ്, ഇങ്ങനെ ചെയ്യാൻ നല്ല ധൈര്യം വേണം. ഇടത് ചേർന്ന് നിൽക്കുന്നതാണ് അംഗീകാരത്തിനും അവാർഡിനും ആരോഗ്യത്തിനും നല്ലതെന്ന വാശ്വാസം കലാ – സാംസ്കാരിക പ്രവർത്തകർക്കിടയിൽ വ്യാപകമാണ്. പരസ്യമായി കോൺഗ്രസിനൊപ്പം നിൽക്കാൻ ഭയമാണ്. തെറ്റ് ചെയ്യുമ്പോൾ പോലും സി.പി.എം – നെതിരെ വായ തുറക്കാൻ ഭയമാണ് മനുഷ്യർക്ക്.

read also: ഇന്ത്യ വിട്ട് എങ്ങോട്ടുമില്ല, ലണ്ടനിലേയ്ക്ക് ചേക്കേറുന്നു എന്ന വാര്‍ത്തകള്‍ തള്ളി അംബാനി കുടുംബം

വിദ്യാർത്ഥി കാലത്ത് കെ.എസ്.യു ഒക്കെ ആയിരുന്ന, ഇപ്പോഴും ഉള്ളിൽ കോൺഗ്രസായിരിക്കുന്ന, ഒരുപാട് പേർ സി.പി.എം സംഘടനകളെ ഭയന്ന് നിശബ്ദരാണ്. കൂടുതൽ ഭയമുള്ള ചിലർ നിഷ്പക്ഷരാണ്. അതിലും ഭയമുള്ള ചിലർ ഇടതഭിനയം നടത്തി സ്വന്തം തടി കേടാക്കാതെ നിൽക്കുകയാണ്.

കോളേജുകളിൽ പഠിക്കുന്ന കാലത്തേ കാണുന്നതാണിത്. കോൺഗ്രസ് കുടുംബങ്ങളിൽ നിന്ന് വരുന്ന ചിലർ, കെ.എസ്.യുവിൽ തുടങ്ങിയവർ, സ്വന്തം നാട്ടിൽ കോൺഗ്രസിനൊപ്പം നിൽക്കുന്നവർ – അങ്ങനെ പലരും കോളേജിൽ എസ്.എഫ്.ഐ ആണ്. സ്വന്തം തീരുമാന പ്രകാരം വ്യത്യസ്ത രാഷ്ട്രീയം തെരഞ്ഞെടുത്തവരുണ്ടാകാം. അവരോട് എതിർപ്പില്ല. എന്നാൽ അവരുടെ കാര്യമല്ല ഇവിടെ പറഞ്ഞത്. തല്ല് പേടിച്ച് തൽക്കാലം ഇടതായി നിൽക്കുന്നവരുടെ കാര്യം മാത്രം.

പഠിക്കുന്ന കാലത്ത് യൂണിവേഴ്സിറ്റി കോളേജിൽ വ്യാപകമായും മെഡിക്കൽ കോളജിൽ പോലും അപൂർവ്വമായും ഇത് കണ്ടിട്ടുണ്ട്. തല്ലു കിട്ടുമെന്ന പേടി മാത്രമായിരുന്നു കമ്മ്യൂണിസ്റ്റായി അഭിനയിക്കാൻ കാരണം. വിദ്യാഭ്യാസം കഴിയുമ്പോൾ പലരും വീണ്ടും കോൺഗ്രസാകും. യൂണിവേഴ്സിറ്റി കോളേജിൽ ഞാൻ ചെയർമാനായിരുന്ന യൂണിയനിൽ എസ്.എഫ്.ഐ പാനലിൽ ജയിച്ച സുഹൃത്ത് കോളേജ് കഴിഞ്ഞപ്പോൾ നാട്ടിൽ കോൺഗ്രസ് ഭാരവാഹിയായി. നാട്ടിൽ അയാളുടെ സമൂഹം കോൺഗ്രസായിരുന്നു.

സർക്കാർ ഓഫീസുകളിലും ഇത് കാണാറുണ്ട്. ഭയം മൂലം എൻ.ജി.ഒ യൂണിയനിൽ നിൽക്കുന്ന കോൺഗ്രസുകാരെ അറിയാം. സുഹൃത്തുക്കളും ബന്ധുക്കളുമായ ചിലർ അങ്ങനെയുണ്ട്. ഇത് വായിക്കുന്ന ചിലർ ഊറിച്ചിരിക്കുമെന്നും എനിക്കറിയാം. അടുപ്പമുള്ള ചില എൻ.ജി.ഒ യൂണിയൻ നേതാക്കൾ തന്നെ ഇക്കാര്യം തമാശയായി പറയാറുമുണ്ട്.

അടുത്തിടെ സെക്രട്ടേറിയറ്റിൽ നിന്നും വിരമിച്ച ഒരു സുഹൃത്ത്. യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ ഞങ്ങൾക്കൊപ്പം വലിയ കെ.എസ്.യുക്കാരി. പതിറ്റാണ്ടുകൾക്ക് ശേഷം ഫോണിൽ സംസാരിച്ചതാണ്.
“ലാലേ, ലാലിനായി ഇലക്ഷൻ പ്രചരണത്തിന് വരണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഞാൻ സെക്രട്ടേറിയറ്റിൽ ഇടത് യൂണിയനിലായിരുന്നു. ലാലിനായി പ്രവർത്തനത്തിന് ഇറങ്ങിയാൽ പ്രശ്നമാകും”
“അതെങ്ങനെ സംഭിവിച്ചു?” ഞാൻ അതിശയത്തോടെ ചോദിച്ചു.
“ഞാൻ ആദ്യമായി ചെന്ന ദിവസം തന്നെ അവർ അംഗത്വം തന്നു. ഇടത് യൂണിയനാണെന്ന് എനിക്കറിയില്ലായിരുന്നു. പിന്നെ മാറിയാൽ പ്രശ്നമാകുമെന്ന് കൂടെയുള്ളവർ പറഞ്ഞു. പേടിച്ച് മാറിയില്ല. പക്ഷേ, വോട്ട് അന്നും ഇന്നും കോൺഗ്രസിനാണ്.”

റിട്ടയർ ചെയ്തിട്ടും ഭയമുള്ള ആ സുഹൃത്ത് പറഞ്ഞു. സി.പി.എം ആയിരുന്നിട്ടും വ്യക്തിബന്ധത്തിന്റെ പേരിൽ എന്നെ സഹായിച്ച സുഹൃത്തുക്കളെ മറക്കുന്നില്ല. അത് തിരിച്ചും സംഭവിച്ചത് എനിക്കറിയാം. എല്ലാ പാർട്ടിയിലും അത് സംഭവിക്കും. അതിനെപ്പറ്റിയുമല്ല പറയുന്നത്. ഭയന്ന് പരസ്യമായി പാർട്ടി മാറിയതായി അഭിനയിക്കുന്നതിനെപ്പറ്റിയാണ്.

കോൺഗ്രസാണോ സി.പി.എം ആണോ രാഷ്ട്രീയത്തിൽ യഥാർത്ഥ ശരി എന്ന തർക്കമാക്കെ എവിടെയും ആകാം. എന്നാൽ കോൺഗ്രസെന്ന് പറയാൻ ഭയമുണ്ടാകുന്നത് സി.പി.എം ഭീകരത മൂലമാണ്. ഈ ഭീകരതയാണ് പലയിടത്തും ബി.ജെ.പി-യെ വളർത്തിയത്.
പല കോളേജുകളിലും എ.ബി.വി.പി ഉണ്ടാകാൻ കാരണം ഇടത് ഭീകരതയാണ്. എസ്.എഫ്.ഐ – യെ രാഷ്ടീയമായി എതിർക്കാൻ കെ.എസ്.യു ക്കാരില്ലാഞ്ഞിട്ടല്ല. എന്നാൽ അടിക്കാനോ തിരിച്ചടിക്കാനോ ഉള്ള സംവിധാനമോ പരിശീലനമോ കെ.എസ്.യു – വിൽ ഇല്ല. അങ്ങനെ എസ്.എഫ്.ഐ യോട് എതിർപ്പുള്ള ചിലരെങ്കിലും വഴിതെറ്റി എ.ബി.വി.പി – യി ൽ എത്തും. ഇടതിന്റെ ഭാഗമായ എ.ഐ.എസ്.എഫ് – ൽ ചേർന്നാൽ പോലും തല്ല് കിട്ടുന്ന കാര്യം എല്ലാ ആഴ്ചയും നമ്മൾ പത്രത്തിലും ടെലിവിഷനിലും കാണുന്നുണ്ട്. ഇത്തരത്തിൽ എസ്.എഫ്.ഐ കാരണം എ.ബി.വി.പി ഉണ്ടായ ചില കോളേജുകളിൽ ഇന്ന് എസ്.എഫ്.ഐക്കാർ സ്ഥിരം തല്ല് വാങ്ങുന്നുണ്ട്. ഏകപക്ഷീയമായി. ബി.ജെ.പി നന്ദിയോടെ സി.പി.എം – നെ സ്മരിക്കുന്ന പല കാര്യങ്ങളിൽ ഒന്ന്.

മനുഷ്യർ കോൺഗ്രസോ സി.പി.എമ്മോ ആയിക്കൊള്ളട്ടെ. അവർക്ക് സ്വന്തം വിശ്വാസം തുറന്നു പറയാനും ഇഷ്ടമുള്ള പക്ഷം ചേർന്നു നിൽക്കാനും കഴിയണം. അപ്പോഴാണ് യഥാർത്ഥ ജനാധിപത്യം പ്രയോഗത്തിൽ വരുന്നത്. അതുവരെയുള്ള ഇടത് ആധിപത്യം ഭയമുള്ളവരുടെ സംഭാവന മാത്രം.

വാലറ്റം: കോൺഗ്രസ് ഭരണം വരുമ്പോൾ പഴയ കോൺഗ്രസ് പാരമ്പര്യവും ബന്ധുബലവും കുടുംബ ചരിത്രവുമൊക്കെ പൊടി തട്ടിയെടുത്ത് കോർപറേഷനുകളിലും അക്കാഡമികളിലും കയറിപ്പറ്റാൻ മടിയില്ലാത്ത ‘ഇടവിട്ട്’ ഇടത് സഹയാത്ര നടത്തുന്നവർ ധാരാളമുണ്ട്. കോൺഗ്രസ് മുഖ്യമന്തിമാരുടെയും മന്ത്രിമാരുടെയും ഓഫീസുകളിൽ പുതിയ ഖദറുമിട്ട് കയറിയിറങ്ങുന്ന ഇത്തരം പഞ്ചവത്സര ഇടതന്മാരെ ഒരുപാട് കണ്ടിട്ടുണ്ട്. കോൺഗ്രസായിട്ടും ഒരു കമ്മിറ്റിയും ചോദിച്ചു വാങ്ങിയിട്ടില്ലാത്തതിനാലും തരാൻ ശ്രമിച്ചത് സ്നേഹത്തോടെ നിരസിക്കാൻ കഴിഞ്ഞതിനാലുമാണ് ഇങ്ങനെ ധൈര്യമായി പറയാൻ കഴിയുന്നത്.
ഡോ: എസ്.എസ്. ലാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button