തിരുവനന്തപുരം: സ്ത്രീ ശാക്തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കലും ഈ സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വകുപ്പിനെ വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും നോക്കിക്കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ആ പ്രതീക്ഷക്കൊത്ത് ഉയർന്ന് അതിനുവേണ്ടി പ്രവർത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Read Also: കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 43 പുതിയ കേസുകൾ
‘വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചിട്ട് വളരെ കുറച്ച് കാലമേ ആയിട്ടുള്ളൂവെങ്കിലും ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ വകുപ്പിനായി. വ്യക്തിപരമായും സാമൂഹ്യപരവുമായ ഒട്ടേറെ പ്രവർത്തനങ്ങളാണ് വകുപ്പ് നടത്തി വരുന്നത്. സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിന് ഇനിയും ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോകണമെന്നും’ മന്ത്രി ആവശ്യപ്പെട്ടു. വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ജില്ലാ വനിത ശിശു വികസന ഓഫീസിന്റേയും വനിത പ്രൊട്ടക്ഷൻ ഓഫീസിന്റേയും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
‘വലിയൊരു ഉത്തരവാദിത്തമാണ് വകുപ്പിന് മുന്നിലുള്ളത്. അതിനുതകുന്ന അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. വകുപ്പിന്റെ തന്നെ ഉടമസ്ഥയിലുള്ള കെട്ടിടം 33 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. ഇതോടെ ജില്ലയിലെ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്നും’ മന്ത്രി ചൂണ്ടിക്കാട്ടി. ബാലികാദിനത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ മത്സര വിജയികൾക്ക് മന്ത്രി സമ്മാനം നൽകി. ശൈശവ വിവാഹത്തിനെതിരായ പൊൻവാക്ക് പദ്ധതിയുടെ പോസ്റ്റർ പ്രകാശനവും മന്ത്രി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, ജോ. ഡയറക്ടർ ശിവന്യ, ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസർ സബീന ബീഗം, വിമൺ പ്രൊട്ടക്ഷൻ ഓഫീസർ ജീജ, നിർഭയ സെൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ശ്രീല മേനോൻ എന്നിവർ പങ്കെടുത്തു.
Post Your Comments