
ന്യൂഡൽഹി : എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമ്പദ്‌സമൃദ്ധിയുടേയും ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും യുപി മുഖ്യമന്ത്രിയുമുൾപ്പെടെയുള്ള ബിജെപി നേതാക്കൾ . ദീപങ്ങളുടെ ഉത്സവം എല്ലാവരുടേയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഭാഗ്യവും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇന്ന് കശ്മീരിൽ പതിവ് പോലെ സൈനീകർക്കൊപ്പം ദീപാവലി ആഘോഷത്തിനായി അദ്ദേഹം തിരിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഏവർക്കും ദീപാവലി ആശംസകൾ നേർന്നു. പ്രകാശത്തിന്റെയും സന്തോഷത്തിന്റെയും ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തെ പുതിയ ഊർജ്ജം, വെളിച്ചം, ആരോഗ്യം, സമൃദ്ധി എന്നിവയാൽ പ്രകാശിപ്പിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
ഭഗവാൻ ശ്രീരാമന്റെ കൃപയാൽ എല്ലാവരുടേയും ഹൃദയം സത്യത്താൽ പ്രകാശിക്കട്ടെയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ലക്ഷ്മിയുടെ അനുഗ്രഹത്താൽ എല്ലാ വീടുകളും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ആരോഗ്യത്തിന്റെയും വെളിച്ചത്താൽ പ്രകാശിക്കട്ടെ. ഈ ഉത്സവം മുഴുവൻ സൃഷ്ടികൾക്കും ഐശ്വര്യത്തിന്റെ ഘടകമായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
അതേസമയം യുപിയിൽ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് പരമാവധി പരിസ്ഥിതി സൗഹാർദ്ദ ദീപങ്ങൾ തെളിയിച്ച് ഗിന്നസ് ലോകറെക്കോർഡും അയോദ്ധ്യ സ്വന്തമാക്കിയിരിക്കുകയാണ്. ഒൻപത് ലക്ഷത്തോളം ചെരാതുകളാണ് സരയു നദിക്കരയിൽ മാത്രം തെളിച്ചത്.
വൻ ജനപങ്കാളിത്തത്തോടെയാണ് ദീപം തെളിയിക്കൽ നടന്നത്. വൈകിട്ട് ആറ് മുതൽ ആറര വരെയുള്ള സമയത്താണ് ദീപങ്ങൾ തെളിച്ചത്. ഇതിന് പിന്നാലെയാണ് ഗിന്നസ് ലോകറെക്കോർഡും സ്വന്തമാക്കിയത്. ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്റെ സർട്ടിഫിക്കറ്റ് ഉത്തർപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ശിശിർ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്
Post Your Comments