NattuvarthaLatest NewsKeralaNewsIndia

കേരളം ഭേദപ്പെട്ട ഇടം, എന്നാൽ ഇന്ത്യയിൽ ജാതി അസമത്വങ്ങളും അടിച്ചമർത്തലുകളുമുണ്ട്, ജയ് ഭീം നെഞ്ചിലൊരു ഭാരം: ബ്രിട്ടാസ്

ഇനിയും നമുക്ക് ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്

തിരുവനന്തപുരം: ജാതി അസ്വമത്വങ്ങളുടെയും അടിച്ചമർത്തലുകളും കാര്യത്തിൽ കേരളം ഭേദപ്പെട്ട ഇടമാണെന്ന് ജോൺ ബ്രിട്ടാസ്. എങ്കിലും ഇനിയും നമുക്ക് ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ടതുണ്ടെന്നും കാലിക ഇന്ത്യയിൽ പലയിടത്തും ജാതി അസമത്വങ്ങളും അടിച്ചമർത്തലുകളും സ്വാഭാവികമാണെന്നും ബ്രിട്ടാസ് പറഞ്ഞു. സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീമിനെക്കുറിച്ച് എഴുതിയ ഫേസ്ബുക് പോസ്റ്റിലായിരുന്നു ബ്രിട്ടാസിന്റെ പരാമർശം.

Also Read:യുഎഇയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

‘സമീപകാലത്ത് ഞാൻ കണ്ട ഏറ്റവും ശക്തമായ ചലച്ചിത്ര ആവിഷ്കാരമാണ് ഈ ചിത്രം. സംവിധായകനും നിർമ്മാതാവായ സൂര്യയും ചേർന്ന് പ്രകടിപ്പിച്ച അസാമാന്യ ധൈര്യം അടിവരയിട്ട് പറയേണ്ടതാണ്. തമിഴ്നാട്ടിലെ ദളിത് വിഭാഗമായ ഇരുളരുടെ ഇരുൾവീണ വഴികളിലേക്കാണ് ചിത്രം വെളിച്ചം വീശുന്നത്. സവർണരും അധികാരികളും പോലീസും നടത്തുന്ന നിഷ്ഠൂരമായ മനുഷ്യവേട്ട നമ്മുടെ മനസ്സിലേക്ക് പറിച്ചു നടുകയാണ്’, ബ്രിട്ടാസ് പറയുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

ജയ് ഭീം നെഞ്ചിലൊരു ഭാരം, തൊണ്ടയിലൊരു പിടുത്തം, കൺപീലിയിലൊരു നനവ്.

മദ്രാസ് ഹൈക്കോടതി റിട്ട.ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ ജീവിതത്തെ ആസ്പദമാക്കി ടി ജെ ജ്ഞാനവേൽ എഴുതി സംവിധാനം ചെയ്ത,സൂര്യ, ലിജോമോൾ ,രജിഷ വിജയൻ, പ്രകാശ്‌രാജ്, കെ മണികണ്ഠൻ തുടങ്ങിയവർ പകർന്നാടിയ ജയ് ഭീമിനെ വിശേഷിപ്പിക്കാൻ ഇങ്ങനെ കഴിയൂ.

സമീപകാലത്ത് ഞാൻ കണ്ട ഏറ്റവും ശക്തമായ ചലച്ചിത്ര ആവിഷ്കാരമാണ് ഈ ചിത്രം. സംവിധായകനും സൂര്യയും ചേർന്ന് പ്രകടിപ്പിച്ച അസാമാന്യ ധൈര്യം അടിവരയിട്ട് പറയേണ്ടതാണ്. തമിഴ്നാട്ടിലെ ദളിത് വിഭാഗമായ ഇരുളരുടെ ഇരുൾവീണ വഴികളിലേക്കാണ് ചിത്രം വെളിച്ചം വീശുന്നത്. സവർണരും അധികാരികളും പോലീസും നടത്തുന്ന നിഷ്ഠൂരമായ മനുഷ്യവേട്ട നമ്മുടെ മനസ്സിലേക്ക് പറിച്ചു നടുകയാണ്. തമിഴ്നാട്ടിലെ ജാതി ഉച്ചനീചത്വങ്ങളുടെ യഥാർത്ഥത്തിലുള്ള ഏടാണിത്. ചന്ദ്രു എന്ന അഭിഭാഷകന് കരുത്തും നിശ്ചയദാർഢ്യവും ദിശാബോധവും പകർന്നുനൽകുന്ന ചെങ്കൊടിയും മാർക്സും ലെനിനും പെരിയാറും അബേദ്ക്കറുമൊക്കെ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു.

ജാതി അസ്വമത്വങ്ങളും അടിച്ചമർത്തലുകളും കാലിക ഇന്ത്യയുടെ യാഥാർഥ്യങ്ങളിൽ ഒന്നാണ്. കേരളം ഭേദപ്പെട്ട ഇടമാണെങ്കിലും ഇനിയും നമുക്ക് ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. തമിഴ് സിനിമയാണെങ്കിലും ഏതൊരു മലയാളിക്കും തരിപ്പോടെ അഭിമാനിക്കാൻ കഴിയുന്ന കാര്യങ്ങളും ഈ ചിത്രത്തിലുണ്ട്. നായകനോടൊപ്പമോ ചിലപ്പോൾ അതിലേറെയോ മിഴിവോടെ നിൽക്കുന്ന കഥാപാത്രമായ സെങ്കനി എന്ന ദളിത് വനിതയ്ക്ക് അക്ഷരാർത്ഥത്തിൽ ജീവൻ നൽകിയ ലിജോമോൾ ജോസിനെ കുറിച്ച് പറയാതെ വയ്യ.

പീഡനപർവം നിശബ്ദതയിലും കണ്ണുനീരിലും ചവിട്ടിക്കയറിയ സെങ്കനിയുടെ പല വാചകങ്ങളും ചാട്ടുളിപോലെ പ്രേക്ഷകരെ വേട്ടയാടും. അരുംകൊല ചെയ്യപ്പെട്ട ഭർത്താവിന് പകരമായി പണം വാഗ്ദാനം ചെയ്ത പോലീസ് മേലാളന്റെ നേരെ നോക്കി ‘അച്ഛനെ അടിച്ചുകൊന്ന കാശാണ് മക്കളെ ഇതെന്ന് അവരോട് പറയേണ്ട ഗതികേട്’ തനിക്കുണ്ടാകില്ലെന്ന് സെങ്കനി പറയുന്നത് അധികാര വർഗ്ഗത്തിന്റെ ധാർഷ്ട്യത്തിനേൽക്കുന്ന പ്രഹരമാണ്.

സിനിമ എന്നത് സമയം കൊല്ലാനുള്ള വിനോദോപാധി എന്ന കേവല ധാരണകളെ പിച്ചി ചീന്തിക്കൊണ്ട് കാഴ്ചക്കാരന്റെ മനസിൽ അഗ്നിപർവ്വതം സൃഷ്ടിക്കുന്ന ജയ് ഭീമിന് ഒരു ഉഗ്രൻ സല്യൂട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button