തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില കുറഞ്ഞതിനു പിന്നിൽ കോൺഗ്രസ് പ്രതിഷേധമെന്ന് യൂത്ത് കോൺഗ്രസ്. ഇന്ധനവില കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ വഴിതടയൽ സമരം നടന്നിരുന്നു. ഇതിന്റെ ഫലമായാണ് പെട്രോൾ വില വർദ്ധനവിൽ ഇടിവ് ഉണ്ടായിരിക്കുന്നതെന്നാണ് യൂത്ത് കോൺഗ്രസ് അവകാശപ്പെടുന്നത്. മോദി സർക്കാർ തുലയട്ടെയെന്നും ജനവിരുദ്ധ നയങ്ങൾ സർക്കാർ അവസാനിപ്പിക്കണമെന്നുമായിരുന്നു യൂത്ത് കോൺഗ്രസ് മുദ്രാവാക്യം മുഴക്കിയത്.
നേരത്തെ മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമാന അഭിപ്രായം നടത്തിയിരുന്നു. കോൺഗ്രസ് നേതാക്കൾ കൃത്യമായി ഇടപെട്ടതിനാലാണ് കുറഞ്ഞതെന്നും സോണിയാ ഗാന്ധിയുടെയും, രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി രാജ്യ വ്യാപകമായി നടത്തിയ തുടർ സമരങ്ങളുടെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിചേർത്തു. രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി കോൺഗ്രസ് തെരുവിലുണ്ടെന്നും കോൺഗ്രസിന്റെ സമരം തകർക്കാൻ ശ്രമിച്ചവർക്ക് അത് മനസ്സിലായെന്നും അദ്ദേഹം പ്രതികരിച്ചു.
പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവയിലാണ് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചിട്ടുളളത്. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്‌സൈസ് തീരുവയിൽ ഇളവ് നൽകിയിട്ടുളളത്. ഇന്ന് മുതൽ പുതിയ നിരക്ക് നിലവിൽ വരും.
Post Your Comments