കൊച്ചി: ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് 500 രൂപയായി കുറച്ചത് റദ്ദാക്കിയതിനെതിരായ സർക്കാറിന്റെ അപ്പീൽ ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച് ഹൈകോടതി. 1700 രൂപ വരെയുണ്ടായിരുന്ന നിരക്ക് 500 രൂപയാക്കിയിരുന്നു. ഈ ഉത്തരവ് ചോദ്യംചെയ്ത് ലാബ് ഉടമകൾ നൽകിയ ഹർജിയിൽ ഒക്ടോബർ നാലിന് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്താണ് അപ്പീൽ.
Read Also: പാതയോരങ്ങളിലെ അനധികൃത പെട്ടിക്കടകൾ : നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈകോടതി
ആരോഗ്യപ്രിൻസിപ്പൽ സെക്രട്ടറി നൽകിയ അപ്പീൽ ഹർജിയിൽ സ്വകാര്യ ലാബുകൾ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്കാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നോട്ടീസ് ഉത്തരവായത്.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ നിലനിൽക്കുമോയെന്ന് ഹർജി പരിഗണിക്കവെ ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. എന്നാൽ, നിരക്ക് നിശ്ചയിക്കാൻ സർക്കാറിന് അധികാരമില്ലെന്നതടക്കം സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണങ്ങളെയാണ് അപ്പീലിൽ ചോദ്യം ചെയ്തിരിക്കുന്നതെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. അതേസമയം ഹർജി വീണ്ടും മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
Post Your Comments