കാബൂൾ: അഫ്ഗാനിസ്താനിൽ ദിവസവും ദുരൂഹ സാഹചര്യത്തില്‍ കുറേയധികം മനുഷ്യര്‍ കൊല്ലപ്പെടുന്നതായി റിപ്പോർട്ട്. അവരുടെ മൃതദേഹങ്ങള്‍ നഗരപ്രാന്തങ്ങളില്‍ അവിടവിടെയായി കാണപ്പെടുന്നു. ചിലര്‍ തൂക്കിക്കൊന്ന നിലയിലാണ്. മറ്റു ചിലര്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍. ഇവരുടെയെല്ലാം പോക്കറ്റുകളില്‍ ഒരു തുണ്ട് കടലാസ് കാണാം. അഫ്ഗാനിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഐ എസ് കൊറോസാന്‍ അംഗമാണ് എന്നാണ് ആ കടലാസുകളില്‍ എഴുതിവെച്ചിരിക്കുന്നത്. ഇതുവരെ ഈ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
കൊലപാതകങ്ങളിൽ താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ജനങ്ങളും പ്രതിരോധ വിദഗ്ധരുമെല്ലാം വിരല്‍ ചൂണ്ടുന്നത് അഫ്ഗാനിസ്താനില്‍ താലിബാനും ഇസ്‌ലാമിക് സ്‌റ്റേറ്റും തമ്മില്‍ നടക്കുന്ന രഹസ്യ യുദ്ധത്തിലേക്കാണ്. ജലാലാബാദ് ആണ് ഈ യുദ്ധത്തിന്റെ കേന്ദ്രം. സമാനമായ രീതിയിലാണ് ദുരൂഹ സാഹചര്യത്തില്‍ താലിബാന്‍കാര്‍ പരക്കെ കൊല്ലപ്പെട്ടിരുന്നത്. കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഐ എസ് ഭീഷണികളുമുണ്ടായിരുന്നു. അവിടവിടെയായി താലിബാന്‍കാര്‍ കൊല്ലപ്പെടുന്നത് വലില ചര്‍ച്ചയായതിനു പിന്നാലെയാണ് അതേ നാണയത്തില്‍ താലിബാന്‍ തിരിച്ചടി തുടങ്ങിയത്
അഫ്ഗാനിസ്താനില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് താലിബാന്‍ അവകാശപ്പെടുമ്പോഴും ജലാലാബാദിന്റെ ചുറ്റുമായി ഈ രഹസ്യയുദ്ധം തുടരുകതന്നെയാണ്. ആക്രമിക്കുക രക്ഷപ്പെടുക എന്ന താലിബാന്‍ രീതി തന്നെയാണ് ഐ എസും പിന്തുടരുന്നത്. റോഡരികിലുള്ള സ്‌ഫോടനങ്ങള്‍, അപ്രതീക്ഷിത കൊലപാതകങ്ങള്‍ എന്നിവയാണ് ഐ എസ് നടത്തുന്നത്. അതേ നാണയത്തില്‍ അതിനു മറുപടി നല്‍കുകയാണ് താലിബാന്‍. ജലാലാബാദ് ഉള്‍പ്പെടുന്ന നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ താലിബാന്‍ സുരക്ഷാ ചുമതല ഡോ. ബഷീര്‍ എന്ന കമാണ്ടറിനാണ്. ഇവിടെയുള്ള കുനാര്‍ എന്ന സ്ഥലമാണ് ഐ എസുകാരുടെ കേന്ദ്രം. ഇവിടങ്ങളില്‍നിന്നും ഐഎസുകാരെ തുരത്താനുള്ള സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇയാളാണ്.
ദൂരൂഹസാഹചര്യത്തില്‍ മൃതദേഹങ്ങള്‍ കാണപ്പെടുന്നതിനു പിന്നില്‍ തങ്ങള്‍ അല്ലെന്നാണ് ഡോ. ബഷീര്‍ ബിബിസിയോട് പറഞ്ഞത്. എന്നാല്‍ നിരവധി ഐ എസുകാരെ അറസ്റ്റ് ചെയ്തതായി അയാള്‍ സമ്മതിച്ചു. നൂറുകണക്കിന് ഐ എസുകാര്‍ കീഴടങ്ങിയതായും അയാള്‍ പറയുന്നു. അമേരിക്ക അടക്കമുള്ള വമ്പന്‍ ശക്തികളെ പരാജയപ്പെടുത്തി അഫ്ഗാന്‍ പിടിച്ച തങ്ങളെ സംബന്ധിച്ച് ഐ എസ് ഒന്നുമല്ല എന്നാണ് ഡോ. ബഷീര്‍ പറഞ്ഞത്. ഇവിടെയുള്ളത് ഐ എസുകാര്‍ അല്ലെന്നും ഇസ്‌ലാമിക ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒറ്റുകാരാണ് എന്നുമാണ് അയാള്‍ വിശദീകരിക്കുന്നത്. ഇറാഖിലും സിറിയയിലുമാണ് ഐ എസ് ഉള്ളെതന്നും അഫ്ഗാനില്‍ അത്തരക്കാര്‍ ഇല്ലെന്നും അയാള്‍ പറയുന്നു.
Post Your Comments