തൃശ്ശൂർ : നടൻ ജോജു ജോർജ്ജിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ ഡിവൈഎഫ്ഐ. റോഡ് തടഞ്ഞ് കോൺഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജോജുവിനെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ജോജുവിൻ്റെ തൃശ്ശൂർ മാളയിലെ വീട്ടിലേക്ക് ഇന്നലെ വൈകിട്ട് യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രക്ഷോഭ മാർച്ച് നടത്തിയിരുന്നു. ജോജുവിനെ ഇനിയെ മാളയിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ഡിവൈഎഫ്ഐ രംഗത്ത് വന്നിരിക്കുന്നത്.
‘ഏത് ഒരു പൗരനെ പോലെ തന്നെ പ്രതികരിക്കാനുള്ള അവകാശം നടനുമുണ്ട്. ജോജു ജോർജ് വഴിതടയൽ സമരത്തോട് പ്രതികരിച്ചുവെന്നതിൻ്റെ പേരിൽ സ്വന്തം നാട്ടിൽ അദ്ദേഹത്തെ കാലുകുത്താൻ അനുവദിക്കില്ലെന്ന യൂത്ത് കോൺഗ്രസിൻ്റെ നിലപാട് ജനാധിപത്യ വിരുദ്ധവും ഫാസ്റ്റിസ്റ്റ് സമീപനവുമാണ്. ഈ സാഹചര്യത്തിൽ ജോജുവിൻ്റെ കുടുംബത്തിൻ്റെ ജീവനും സ്വത്തിനും ഡിവൈഎഫ്ഐ സംരക്ഷണം നൽകും’ – ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് പറഞ്ഞു.
Read Also : ‘ഞങ്ങളെ കാക്കുന്ന ദീപമേ, വാർഡിന്റെ മെമ്പർ നീ ജീവന്റെ മെമ്പറായ്’: ബിജെപി കൗൺസിലറെ കുറിച്ചുള്ള കവിത വൈറൽ
അതേസമയം, ജോജുവിനെതിരായ പരാതിയിൽ ഉറച്ച് നിൽക്കുകയാണ് കോൺഗ്രസ്. സ്ത്രീകളെ പിടിച്ചു തള്ളിയാണ് ജോജു കയറി വന്നതെന്നും, സ്ത്രീകൾകേൾക്കാൻ കൊള്ളില്ലാത്ത ചീത്ത വിളികളാണ് ജോജു നടത്തിയതെന്നും എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു. ജോജുവിനെതിരെ സ്ത്രീകൾ കൊടുത്ത പരാതിയിൽ എന്തു കൊണ്ട് കേസെടുക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കണമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
Post Your Comments