ദോഹ: പൊതുഗതാഗത കമ്പനിയായ മൗസലാത്തിന്റെ (കർവ) ഡ്രൈവറില്ലാ വൈദ്യുത മിനി ബസുകളുടെ പരീക്ഷണം വിലയിരുത്തി ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽസുലൈത്തി. ഫിഫ അറബ് കപ്പിനായി മൗസലാത്തു തയാറാക്കുന്ന ഗതാഗത സൗകര്യങ്ങളെക്കുറിച്ചുള്ള പദ്ധതികളും മന്ത്രി വിലയിരുത്തി.
പ്രമുഖ ചൈനീസ് വാഹന നിർമാതാക്കളായ യുടോങ്ങിന്റെ സഹകരണത്തോടെയാണ് കർവ ഇ-മിനി ബസുകൾ നിർമിച്ചത്. ആദ്യ ബാച്ച് ഇലക്ട്രിക് ബസുകൾ അറബ് കപ്പിനെത്തുന്ന കാണികൾക്കുള്ള കർവയുടെ മറ്റ് ബസുകൾക്കൊപ്പം വിന്യസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ലെവൽ-4 സാങ്കേതിക വിദ്യയിലാണ് വൈദ്യുതി മിനി ബസുകൾ പ്രവർത്തിക്കുന്നത്. മിനി ബസുകൾ സ്വയം ഓടുന്നവയാണെങ്കിലും അടിയന്തര ഘട്ടങ്ങളെ വേഗത്തിൽ തരണം ചെയ്യാനായി ബസ് യാത്രയിലുടനീളം വിദഗ്ധ ഡ്രൈവർമാരുണ്ടാകും. ചുറ്റുമുള്ള വസ്തുക്കൾ തിരിച്ചറിഞ്ഞ് അതിനനുസൃതമായി വാഹനം പ്രവർത്തിപ്പിക്കാൻ റഡാറുകൾ, നൂതന ക്യാമറകൾ തുടങ്ങിയവ ബസിനുള്ളിലുണ്ട്. ഒരു ബസിൽ ഒരു സമയം 8 പേർക്കു യാത്ര ചെയ്യാൻ കഴിയുന്നത്. മണിക്കൂറിൽ 40 കിലോമീറ്ററാണ് വേഗം. ഒന്നര മണിക്കൂറാണ് ബാറ്ററി ചാർജ് ചെയ്യാൻ വേണ്ടത്. ഫുൾ ചാർജ് ബാറ്ററിയിൽ 100 കിലോമീറ്റർ വരെ ബസ് ഓടും. നീണ്ട മാസങ്ങളായി പരീക്ഷണ ഓട്ടത്തിലാണ് മിനി ഇലക്ട്രിക് ബസുകൾ.
Post Your Comments