കിഴിശ്ശേരി: കോവിഡിന് ശേഷം തങ്ങളുടെ സ്ക്കൂളിലേക്ക് തിരിച്ചു വന്നപ്പോൾ ഏറെ കൗതുകമാണ് കിഴിശ്ശേരി ജി.എൽ.പി സ്കൂളിലെ കുട്ടികൾക്ക് തോന്നിയത്. പാഠപുസ്തകത്തിൽ കണ്ടു പരിചയിച്ച ആനയും കാക്കയും അണ്ണാനുമൊക്കെ തങ്ങളുടെ സ്കൂൾ ചുമരിൽ സ്ഥാനം പിടിച്ചിരിക്കുന്നു. അവരിൽ പലരും തങ്ങളോടു സംസാരിക്കുന്നതുപോലെയും കുഞ്ഞുങ്ങൾക്ക് തോന്നി.
സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാർട്ടൂണിസ്റ്റുമായ ബഷീർ കിഴിശ്ശേരിയും
ചിത്രകാരനായ വിനോദ് മാസ്ക് ആർട്ടുമാണ് സ്കൂളിന്റെ ചുമരുകളിൽ കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് ചിത്രങ്ങൾ വരച്ചു കൂട്ടിയത്. 1921 കാലഘട്ടം മുതൽ തന്നെ കിഴിശ്ശേരിയിലെയും പരിസര പ്രദേശക്കാരും വിദ്യാഭ്യാസം നേടിയെടുക്കാൻ ആശ്രയിച്ചത് ഈ സ്കൂളിനെയാണ്. സമൂഹത്തിലെ അറിയപ്പെടുന്നവരും അല്ലാത്തവരുമായ പലരും പഠിച്ചിറങ്ങിയ ഈ വിദ്യാലയം ഈ പ്രദേശത്തുകാരുടെ രണ്ടും മൂന്നും തലമുറകളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിന് അടിത്തറയിടാൻ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്
2021ൽ ആയിരത്തിൽ അധികം കുട്ടികൾ പ്രവേശനം നേടിയതോടെ ഈ വിദ്യാലയത്തിന്റെ മഹത്വം പതിന്മടങ്ങ് വർധിച്ചു. ഹെഡ് മാസ്റ്റർ ജോണി തോമസ്, പിടിഎ പ്രസിഡന്റ് ചന്ദ്രൻ മാങ്കാവ്, എസ്.എം.എസ്സി. ചെയർമാൻ വി.പി.മുസ്തഫ. സ്റ്റാഫ് സെക്രട്ടറി പി.ടി.സൈതലവി, എസ്. ആർ.ജി. കൺവീനർ മനോജ് പി. എന്നിവരാണ് ഈ ഉദ്യമത്തിന് നേതൃത്വം വഹിച്ചത്. സ്ഥല പരിമിതിമൂലം വീർപ്പുമുട്ടിയ കിഴിശ്ശേരിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ അക്ഷര മുത്തശ്ശിക്ക് കിഫ്ബി വഴി ഒരു കോടി രൂപയുടെ ധനസഹായം കേരള സർക്കാർ നൽകിയിട്ടുണ്ട്.
Post Your Comments