തിരുവനന്തപുരം: പക്ഷികള്‍ക്ക് ആകാശച്ചാലു പോലെയാണ് ഉമ്മന്‍ചാണ്ടിക്ക് ജനക്കൂട്ടമെന്ന് പി സി വിഷ്ണുനാഥ്. ഉമ്മൻ ചാണ്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ഫേസ്ബുക് കുറിപ്പിലായിരുന്നു പി സി വിഷ്ണുനാഥിന്റെ പരാമർശം.
Also Read:ആധുനിക ചികിത്സയേക്കാൾ വിശ്വാസം മതപരമായ ചികിത്സയിൽ: കണ്ണൂരിൽ 11കാരി പനി ബാധിച്ച് മരിച്ചു
‘കേവലം സഞ്ചാരമല്ല, ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ തൊട്ടറിഞ്ഞുള്ള യാത്ര. അതിന്റെ അനുപമമായ രൂപഭാവമായിരുന്നല്ലോ ജനസമ്പര്‍ക്ക പരിപാടികള്‍. അതല്ലാതെയും, ഏതു നേരവും ഏതു വഴിയിലും അദ്ദേഹത്തെ സ്‌നേഹാശ്ലേഷംകൊണ്ട് പൊതിയാന്‍ കാത്തുനില്‍ക്കുന്ന ഒത്തിരി മനുഷ്യര്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ട്’, പി സി വിഷ്ണുനാഥ് കുറിച്ചു.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:
‘വിശ്രമിച്ചാല്‍ ക്ഷീണിക്കുന്ന ഒരേയൊരാള്‍’, കോവിഡ് ബാധയേറ്റ് ആശുപത്രിയുടെ ഏകാന്തതയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയുടെ ചിത്രം പങ്കുവെച്ച് ചില മാധ്യമ സുഹൃത്തുക്കള്‍ നല്‍കിയ വിശേഷണം ഇങ്ങനെയായിരുന്നു. ആരവങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടി, ജില്ലകളിൽ നിന്ന് ജില്ലകളിലേക്ക് ഒഴുകിയെത്തി, ആള്‍ക്കൂട്ടത്തിലൂടെ മാത്രം നീങ്ങിയ ഒരു മനുഷ്യന്‍ പെട്ടന്ന് ആളും ബഹളവുമില്ലാത്ത ഒരു മുറിയിലേക്ക് എടുത്തെറിയപ്പെട്ടതുപോലെ! ഓടിത്തളര്‍ന്ന സഹപ്രവര്‍ത്തകരെല്ലാം വിശ്രമം കൊതിക്കുമ്പോള്‍, വിശ്രമിച്ചാല്‍ ക്ഷീണിച്ചുപോകുന്ന അപൂര്‍വതയാണ് ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ വേറിട്ടുനിര്‍ത്തുന്ന പ്രത്യേകതകളില്‍ ഒന്നെന്ന് പറയാനാകും.
പക്ഷികള്‍ക്ക് ആകാശച്ചാലു പോലെയാണ് ഉമ്മന്‍ചാണ്ടിക്ക് ജനക്കൂട്ടമെന്ന് ആലങ്കാരികമായ് പറയുകയല്ല. ആള്‍ക്കൂട്ടത്തിലൂടെ ഒരൊഴുക്കാണ്. കേവലം സഞ്ചാരമല്ല, ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ തൊട്ടറിഞ്ഞുള്ള യാത്ര. അതിന്റെ അനുപമമായ രൂപഭാവമായിരുന്നല്ലോ ജനസമ്പര്‍ക്ക പരിപാടികള്‍; അതല്ലാതെയും, ഏതു നേരവും ഏതു വഴിയിലും അദ്ദേഹത്തെ സ്‌നേഹാശ്ലേഷംകൊണ്ട് പൊതിയാന്‍ കാത്തുനില്‍ക്കുന്ന ഒത്തിരി മനുഷ്യര്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ട്. അദ്ദേഹത്തോടൊപ്പമുള്ള ഓരോ സന്ദര്‍ഭവും പുതിയ പാഠങ്ങളാണ്; ചിലത് നിത്യവിസ്മയങ്ങളും.
ജനങ്ങളോടുള്ള കാരുണ്യം പോലെതന്നെ, സഹപ്രവര്‍ത്തകരോടുള്ള കരുതലും അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതയാണ്. പിതൃനിര്‍വിശേഷമായ സ്‌നേഹത്തോടെ വ്യക്തിജീവിതത്തിലെ കാര്യങ്ങള്‍ അന്വേഷിച്ചറിയാനും ഇടപെടാനും എന്നും ശ്രദ്ധിച്ചു. ഇത് എന്റെ മാത്രം അനുഭവമല്ല.
വിശ്രമിക്കാന്‍ ഇഷ്ടപ്പെടാത്തെ ഈ മനുഷ്യനാണ് വര്‍ത്തമാനകാലത്ത് തളരാത്ത, തകരാത്ത ആത്മധൈര്യത്തിന്റെ ഊര്‍ജ്ജ പ്രവാഹമായ്, മലയാളിയുടെ മനസ്സിലെ ജനനായക സങ്കല്പങ്ങള്‍ മാറ്റി എഴുതിയത്. പ്രിയ നേതാവിന് പിറന്നാൾ ആശംസകൾ, ആയുരാരോഗ്യ സൗഖ്യങ്ങൾ.
– പി സി വിഷ്ണുനാഥ്
Post Your Comments