തിരുവനന്തപുരം: ഇടത് സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് തിരിച്ച് പോയതിൽ പ്രതികരണവുമായി മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഇഷ്ടപ്പെടാത്ത വ്യക്തികളെയും നയങ്ങളെയും കുറിച്ചും എന്തും വിളിച്ച് പറയാൻ ഇടത് പക്ഷത്ത് സാധിക്കുന്നില്ലെന്നാണ് ചെറിയാൻ ഫിലിപ്പിന്റെ രോദനമെന്നുംശ്രീരാമകൃഷ്ണൻ പറഞ്ഞു. അദ്ദേഹം കോൺഗ്രസിലേക്ക് തിരിച്ച് പോയതോടെ ചെറിയാൻ ഫിലിപ്പും, ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവവായുവായി വളർന്നുവന്ന പ്രസ്ഥാനവും രക്ഷപ്പെട്ടിരിക്കുന്നുവെന്നും പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീരാമകൃഷ്ണന്റെ പ്രതികരണം
കുറിപ്പിന്റെ പൂർണരൂപം :
ചെറിയാൻ ഫിലിപ്പിൻ്റെ പ്രതല വ്യതിയാനങ്ങൾ
ഇരുപത് വർഷത്തെ ഇടതുപക്ഷ സഹവാസത്തിന് ശേഷം ചെറിയാൻ ഫിലിപ്പ് ഇന്നലെ കോൺഗ്രസ് “തറവാട്ടിലേക്ക് ” തിരിച്ചു പോകുന്നതായി പ്രഖ്യാപിച്ചിരിക്കുന്നു. അതിന് അദ്ദേഹം പറയുന്ന പല കാരണങ്ങളിൽ രണ്ടെണ്ണം ശ്രദ്ധയർഹിക്കുന്നതും സംവാദ വിധേയവും ആണ് . ഇരുപതു വർഷങ്ങളുടെ അനുഭവത്തോടുകൂടി തൻ്റെ പ്രതലം കോൺഗ്രസ് തന്നെയാണെന്നും അമീബ പോലെ അയവേറിയ തൻ്റെ വാക്ക് സ്വാതന്ത്ര്യം അവിടെ തുറന്നു കിടപ്പുണ്ട് എന്നും അദ്ദേഹം അറിയിച്ചിരിക്കുന്നു.
Read Also : പുനീത് രാജ്കുമാര്‍ ഇനി ഓര്‍മ്മ: മാതാപിതാക്കള്‍ക്കരികില്‍ അന്ത്യവിശ്രമം, സംസ്‌കാരം നടത്തി
അതായത് തനിക്ക് ഇഷ്ടപ്പെടാത്ത വ്യക്തികളെയും നയങ്ങളെയും സംബന്ധിച്ച് എന്തും വിളിച്ചു പറയാവുന്ന ആ സ്വാതന്ത്ര്യം ലെനിനിസ്റ്റ് സംഘടനയിൽ സാധ്യമാകുന്നില്ല എന്നാണ് അദ്ദേഹത്തിൻറെ രോദനം. അത് സാധ്യമാവുകയില്ല അതിനായി ആര് രോദനം കൊണ്ടിട്ടും കാര്യവുമില്ല. സംഘടനയിലെ ജനാധിപത്യത്തിലൂടെ അഭിപ്രായങ്ങളും തീരുമാനങ്ങളും സമാഹരിച്ചു കഴിഞ്ഞാൽ അത് കൂട്ടായി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് “ഇടതുപക്ഷം” എന്നറിയപ്പെടുന്നവരുടെ പൊതുസമീപനം.
Read Also : ബിനീഷിന്റെ ജയിൽമോചനം: സി.പി.എം സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ച് വരവ് ഉടൻ? സാധ്യത തള്ളാതെ കോടിയേരി
അതിൻ്റെ സ്വാതന്ത്ര്യവും അധികാരവും അനുഭവിച്ചറിഞ്ഞാലേ മനസ്സിലാകൂ. രണ്ട് പതിറ്റാണ്ടിനുശേഷം തൻ്റെ പ്രതലം ഇപ്പോഴും ഉറച്ചിട്ടില്ലെന്ന് വേദനിക്കുന്ന ചെറിയാൻ ഫിലിപ്പിൻ്റെ മുന്നിൽ മറ്റു മാർഗങ്ങളൊന്നുമില്ല. പ്രതലം തനിക്ക് യോജിക്കുമോ എന്നറിയാതെ എന്തൊക്കെയോ കണക്കുകൂട്ടലിൻ്റെ പേരിൽ എടുത്തുചാടുന്ന എല്ലാവർക്കും ഇതൊരു പാഠമാണ് തങ്ങൾ ജീവിച്ചിടത്തെ ശ്വാസവായു കൂടെ തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് മറ്റെവിടെ ചെന്നാലും ശ്വാസംമുട്ടും. തൻ്റെ അനുഭവം തുറന്നു പറഞ്ഞ ചെറിയാൻ ഫിലിപ്പിന് നന്ദി. ഇതുവഴി ചെറിയാൻ ഫിലിപ്പും, ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവവായുവായി വളർന്നുവന്ന പ്രസ്ഥാനവും രക്ഷപ്പെട്ടിരിക്കുന്നു.
Leave a Comment