തിരുവനന്തപുരം: ബിനീഷിനെതിരായ അന്വേഷണം തീർത്തും രാഷ്ട്രീയപരമായിരുന്നുവെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റനീറ്റ. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് വീട്ടിലെത്തിയ സാഹചര്യത്തിൽ ഒരു ചാനലിനോട് പ്രതികരിക്കുകയായിരുന്നു റനീറ്റ. ലഹരിക്കേസിൽ ബിനീഷ് അറസ്റ്റിലായത് മുതൽ ഒരാളും സഹായിച്ചില്ലെന്ന് ഭാര്യ പറയുന്നു.
‘ഒരാളും സഹായിച്ചില്ല. പാർട്ടിയും സഹായിച്ചിട്ടില്ല, അങ്ങനെ പാർട്ടിയും മറ്റുള്ളവരും ഇടപെട്ടിരുന്നുവെങ്കിൽ ബിനീഷേട്ടൻ ഒരു വർഷം ജയിലിൽ കിടക്കുമായിരുന്നില്ല. ഒരു വർഷം കഴിഞ്ഞ് ഇറങ്ങിയിട്ടും എല്ലാവരും അതുതന്നെയാണ് പറയുന്നതെങ്കിൽ കഷ്ടമാണ്. ഇ.ഡി ബിനീഷേട്ടനെ കൊണ്ട് ആരുടെയൊക്കെയോ പേരുകൾ പറയാൻ നിർബന്ധിച്ചു. ഇക്കാര്യങ്ങളൊന്നും പാർട്ടി ഏറ്റെടുക്കണമെന്നില്ലലോ. കോടിയേരി ബാലകൃഷ്ണൻ നിസ്സഹായനായിരുന്നു. അച്ഛന് ഒരുരീതിയിലും ഇടപെടാൻ പറ്റിയിരുന്നില്ല. അച്ഛൻ നിൽക്കുന്ന സാഹചര്യം വെച്ച് അദ്ദേഹത്തിന് ഇടപെടാൻ പറ്റില്ല എന്ന് എനിക്കറിയാമായിരുന്നു. ബിനീഷേട്ടന്റെ കാര്യത്തിൽ എനിക്ക് ഒരു സംശയവും ഒരിക്കൽ പോലും തോന്നിയിട്ടില്ല. കോടിയേരി എന്ന പേരുള്ളത് കൊണ്ടാണ് ബിനീഷേട്ടനെ ഇങ്ങനെ വേട്ടയാടിയത്’, റനീറ്റ പറഞ്ഞു.
Also Read:ആർ.ടി ഓഫിസിൽ വിജിലൻസ് റെയ്ഡ് :1.86 ലക്ഷം രൂപ പിടിച്ചെടുത്തു; ആറുപേർ പിടിയിൽ
ഒരു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബിനീഷ് വീട്ടിൽ തിരിച്ചെത്തിയത്. ജാമ്യം ലഭിച്ച് തിരികെ വീട്ടിലെത്തിയ ബിനീഷ് കോടിയേരിയെ കണ്ടതിൽ ആശ്വാസമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. കോടതിയിൽ ഇരിക്കുന്ന വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
ശനിയാഴ്ച രാത്രി എട്ടുമണിയോടെ പരപ്പന അഗ്രഹാര ജയിലിൽ നിന്നും പുറത്തിറങ്ങിയ ബിനീഷ് ഇന്ന് പതിനൊന്ന് മണിയോടെയാണ് സ്വന്തം വീട്ടിലെത്തിയത്. ബിനീഷിനെ സ്വീകരിക്കാൻ നിരവധി പേർ എയർപോർട്ടിലെത്തിയിരുന്നു. സത്യം ജയിക്കുമെന്നു ജയിലിൽനിന്നു പുറത്തിറങ്ങിയശേഷം ബിനീഷ് പറഞ്ഞു. കേരളത്തിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചില പേരുകൾ പറയാൻ തയാറാകാത്തതാണ് ഇഡി കേസിന് കാരണമെന്ന് ബിനീഷ് ആരോപിച്ചിരുന്നു.
Post Your Comments