തിരുവനന്തപുരം: ഒരു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച് തിരികെ വീട്ടിലെത്തിയ ബിനീഷ് കോടിയേരിയെ കണ്ടതിൽ ആശ്വാസമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ. ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. ജയിലിനകത്ത് പോയി സന്ദർശിക്കാൻ സാധിച്ചിരുന്നില്ല. ഒരു കൊല്ലത്തിനു ശേഷം കണ്ടതിന്റെ ആശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയിൽ ഇരിക്കുന്ന വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരുമോയെന്ന ചോദ്യത്തിന് അതിനു സാധ്യത തള്ളാതെയായിരുന്നു കോടിയേരി മറുപടി നൽകിയത്.
ശനിയാഴ്ച രാത്രി എട്ടുമണിയോടെ പരപ്പന അഗ്രഹാര ജയിലിൽ നിന്നും പുറത്തിറങ്ങിയ ബിനീഷ് ഇന്ന് പതിനൊന്ന് മണിയോടെയാണ് സ്വന്തം വീട്ടിലെത്തിയത്. ബിനീഷിനെ സ്വീകരിക്കാൻ നിരവധി പേർ എയർപോർട്ടിലെത്തിയിരുന്നു. മാലയിട്ടും ബൊക്ക നൽകിയുമാണ് സുഹൃത്തുക്കൾ ബിനീഷിനെ സ്വീകരിച്ചത്. വീട്ടിലും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേരുണ്ടായിരുന്നു. സത്യം ജയിക്കുമെന്നു ജയിലിൽനിന്നു പുറത്തിറങ്ങിയശേഷം ബിനീഷ് പറഞ്ഞു. കേരളത്തിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചില പേരുകൾ പറയാൻ തയാറാകാത്തതാണ് ഇഡി കേസിന് കാരണമെന്ന് ബിനീഷ് ആരോപിച്ചിരുന്നു.
Also Read:അഫ്ഗാനിസ്താനിലെ പുതിയ ഭരണകൂടത്തെ അംഗീകരിക്കാന്‍ തയ്യാറാവണം: ലോകരാജ്യങ്ങള്‍ക്ക് താലിബാന്‍റെ ഭീഷണി
കേസില്‍ ഒരു വര്‍ഷവും രണ്ട് ദിവസവും നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ബിനീഷ് കോടിയേരി പുറത്തിറങ്ങിയത്. ഒക്ടോബര്‍ 28ന് തന്നെ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബിനീഷിന് ജയിലില്‍ തുടരേണ്ടി വന്നിരുന്നു. ജാമ്യത്തിനായി ആദ്യം കണ്ടെത്തിയ രണ്ട് ജാമ്യക്കാര്‍ അവസാനനിമിഷം പിന്‍മാറിയതോടെയാണ് ഇന്നലെ ബിനീഷിന്റെ മോചനം തടസപ്പെട്ടത്. ജാമ്യ വ്യവസ്ഥയിലുള്ള എതിര്‍പ്പാണ് കര്‍ണാടക സ്വദേശികളായ ജാമ്യക്കാര്‍ പിന്മാറാന്‍ കാരണമെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നീട് മറ്റ് രണ്ട് ജാമ്യക്കാരെ കണ്ടെത്തിയെങ്കിലും ഇന്നത്തെ കോടതി നടപടികള്‍ പൂര്‍ത്തിയായിരുന്നു.
Post Your Comments