കാബൂൾ: അഫ്ഗാനിസ്ഥാനിലെ നംഗർഹാറിൽ വിവാഹാഘോഷ വേളയിൽ വെച്ച പാട്ട് നിർത്താൻ ആവശ്യപ്പെട്ട് താലിബാൻ 13 പേരെ കൊന്നൊടുക്കിയതായി അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
‘നംഗർഹാറിൽ വിവാഹ പാർട്ടിക്കിടെ വെച്ച പാട്ട് നിർത്താനായി താലിബാൻ ഭീകരർ 13 പേരെ കുട്ടക്കൊല ചെയ്തു. താലിബാന്റെ ക്രൂരകൃത്യങ്ങളെ പ്രതിരോധിക്കുക എന്നത് രാജ്യത്തിന്റെ ആവശ്യമാണ്. എന്നാൽ വേറും അപലപിക്കുന്നതിലൂടെ താലിബാനെ പ്രതിരോധിക്കാൻ സാധ്യമല്ല’. അമറുള്ള സലേ ട്വിറ്ററിൽ വ്യക്തമാക്കി.
പാക്കിസ്ഥാൻ ഭീകരർ കഴിഞ്ഞ 25 വർഷത്തോളമായി താലിബാനെ പരിശീപ്പിച്ചത് അഫ്ഗാന്റെ സംസ്‌കാരം തച്ചുടയ്‌ക്കാനാണെന്നും രാജ്യത്തിന്റെ സംസ്‌കാരത്തെ ഐഎസ്‌ഐയുടെ മതഭ്രാന്ത് ഉപയോഗിച്ച് നിയന്ത്രിക്കാൻ പാക്കിസ്ഥാൻ ഭീകരർ അവരെ പഠിപ്പിക്കുകയായിരുന്നു എന്നും അമറുള്ള പറഞ്ഞു. ഇതിന്റെ ഫലമാണ് താലിബാൻ രാജ്യത്ത് നടത്തുന്ന ക്രൂരകൃത്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താലിബാന്റെ അധപതനം സുനിശ്ചിതമാണെന്നും ഈ ഭരണം അധികനാൾ നിലനിൽക്കില്ലെന്നും അമറുള്ള വ്യക്തമാക്കി. എന്നാൽ അതിന് അവസാനം കുറിക്കുന്നതുവരെ അഫ്ഗാൻ ജനത അനേകം പീഡനങ്ങൾ നേരിടേണ്ടി വരുമെന്നും അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ രാജ്യത്ത് അക്രമ സംഭവങ്ങൾ വർദ്ധിച്ചു വരികയാണെന്നും അമറുള്ള വ്യക്തമാക്കി.
Post Your Comments