ദുബായ്: ദുബായ് എക്സ്പോ വേദിയിൽ അഭിമാന നേട്ടം കരസ്ഥമാക്കി ഇന്ത്യൻ പവലിയൻ. 28 ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേരാണ് ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ സന്ദർശനം നടത്തിയത്. 28 ദിവസത്തിനിടെ 151,360 പേരാണ് ഇന്ത്യൻ പവലിയൻ സന്ദർശിച്ചത്.
ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച്, നവംബർ 2 മുതൽ സന്ദർശകരെ രസിപ്പിക്കുന്നതിനായി നിരവധി സാംസ്കാരിക സംഗീത പരിപാടികൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ പവലിയൻ. പവലിയൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും വെർച്വൽ റിയാലിറ്റിയും ഉപയോഗിച്ച് ഡിജിറ്റൽ ഇൻസ്റ്റാളേഷനുകളും ഇന്ത്യൻ പവലിയനുകളിൽ പ്രദർശിപ്പിക്കും.
ദീപാവലിയോട് അനുബന്ധിച്ച് എൽഇഡി രംഗോലി, പടക്കങ്ങളുടെ വെർച്വൽ പ്രദർശനം, സലിം-സുലൈമാൻ, വിപുൽ മേത്ത തുടങ്ങിയ ഇന്ത്യൻ കലാകാരന്മാരുടെയും റൂഹ്, ധ്രുവ് തുടങ്ങിയ ബാൻഡുകളുടെയും പരിപാടികളും ഇന്ത്യൻ പവലിയനിൽ നടത്തും.
ഒക്ടോബർ ഒന്നിനാണ് ദുബായ് എക്സ്പോ വേദിയിൽ ഇന്ത്യൻ പവലിയൻ ആരംഭിച്ചത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് ഇന്ത്യൻ പവലിയന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. എക്സ്പോയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച പവലിയനുകളിൽ ഒന്നാണ് ഇന്ത്യൻ പവലിയൻ.
Post Your Comments