ആലപ്പുഴ: മാർപാപ്പയുടെ ഇന്ത്യാസന്ദർശനം പ്രതീക്ഷിച്ച് ക്രൈസ്തവസമൂഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപ്പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച ശനിയാഴ്ച ഉറപ്പായതോടെ മാർപാപ്പയുടെ ഇന്ത്യാസന്ദർശനം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് വിശ്വാസികൾ. ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഏറ്റവുമൊടുവിൽ ഇന്ത്യ സന്ദർശിച്ചത്. 1986-ൽ കേരളത്തിൽവന്ന അദ്ദേഹം 1999-ൽ വീണ്ടും സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്‌പേയിയെ കണ്ടിരുന്നു. അത്തവണ കേരളത്തിലേക്കുവന്നില്ല. 2000-ൽ വാജ്‌പേയ് വത്തിക്കാനിൽ മാർപ്പാപ്പയെ സന്ദർശിച്ചു. 1964-ൽ പോൾ ആറാമനാണ് ആദ്യമായി ഇന്ത്യ സന്ദർശിച്ച മാർപ്പാപ്പ.
സിറോ മലബാർ സഭാധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരി, സിറോ മലങ്കര മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലിമിസ്, ബോംബെ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് എന്നിവർ ഈ വർഷം ജനുവരിയിൽ മോദിയെ സന്ദർശിച്ചപ്പോൾ മാർപ്പാപ്പയെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Read Also: യുഎഇയിൽ മാസ്‌ക് ധരിക്കണമെന്ന വ്യവസ്ഥയിൽ മാറ്റമില്ല: അറിയിപ്പുമായി ദുരന്ത നിവാരണ സമിതി
ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയുടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാൻമാർ തുടങ്ങിയിടങ്ങളിലും മാർപ്പാപ്പ സന്ദർശനം നടത്തിയകാര്യം ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ മോദിയും പാപ്പയും നേരിട്ടുകാണുമ്പോൾ ഇക്കാര്യം ആവശ്യപ്പെടണമെന്നാണ് രാജ്യത്തെ ക്രൈസ്തവർ ആഗ്രഹിക്കുന്നതെന്ന് കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു.
Post Your Comments