ന്യൂഡൽഹി: കേരളാ ഹൗസിൽ കേന്ദ്ര കമിറ്റി യോഗം നടത്തിയ വിവാദത്തിൽ യൂത്ത് കോൺഗ്രസിനെതിരെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ എ റഹിം. യോഗം നടത്തിയതിനെതിരായ യൂത്ത് കോൺഗ്രസിന്റെ പരാതി രാഷ്ട്രീയ എതിരാളികളുടെ വിവാദമുണ്ടാക്കാനുള്ള ശ്രമമാണെന്ന് റഹിം പ്രതികരിച്ചു.
കേരളാ ഹൗസിൽ ഇതിന് മുമ്പും ഡിവൈഎഫ്ഐ യോഗം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ഹൗസിൽ ഇത്തരം യോഗങ്ങൾ നടക്കുന്നത് സ്വാഭാവികമാണ്. ഏത് രാഷ്ട്രീയ പാർട്ടിക്കും ഏതൊരാൾക്കും അവിടെ യോഗം ചേരാൻ തടസമില്ല. രാഷ്ട്രീയം പറയാനില്ലാത്തവരാണ് ഇത്തരം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും റഹീം കുറ്റപ്പെടുത്തി.
Read Also: കോണ്‍ഗ്രസ് സൈബര്‍ ആക്രമണം അപലപനീയം : ആര്‍ജെ സൂരജിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ
ഇന്നലെ ഡൽഹിയിലെ കേരള ഹൗസിലെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയായ എഎ റഹീമിന് അഖിലേന്ത്യാ അധ്യക്ഷന്റെ ചുമതല നൽകിയത്. അധ്യക്ഷനായിരുന്ന പിഎ മുഹമ്മദ് റിയാസ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ സാഹചര്യത്തിലായിരുന്നു തീരുമാനം. അടുത്ത ദേശീയ സമ്മേളനം വരെ എഎ റഹീം തുടരും. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ആരെയെങ്കിലും നിയോഗിക്കുന്നതിൽ പിന്നീടാകും തീരുമാനം. ജെയ്ക്ക് സി തോമസിനെ ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്താനും യോഗത്തിൽ തീരുമാനമെടുത്തു.
Post Your Comments