ഹരിയാന : ഗുരുഗ്രാമിൽ ഒരുവര്‍ഷത്തിനിടെ ഏഴ് പേര്‍ക്കെതിരേ യുവതി പീഡന പരാതി നല്‍കിയ സംഭവത്തില്‍ പ്രത്യേകസംഘത്തെ രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്ന് ഹരിയാണ വനിതാ കമ്മീഷന്‍. സംഭവത്തില്‍ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ അധ്യക്ഷ പ്രീതി ഭരദ്വാജ് ദലാല്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കി.
യുവതിയുടെ പീഡന പരാതികളില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകയായ ദീപിക നാരായണ്‍ ഭരദ്വാജ് വനിതാ കമ്മീഷനിൽ പരാതി നല്‍ക്കുകയായിരുന്നു. പുരുഷന്മാർക്കെതിരെ വ്യാജ പീഡന പരാതികള്‍ നല്‍കി പണം തട്ടിയെടുക്കുകയാണ് യുവതിയുടെ ലക്ഷ്യമെന്ന് ദീപിക വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
ഒരുവര്‍ഷത്തിനിടെ ഒരു യുവതി തന്നെ ഏഴ് പേര്‍ക്കെതിരേ പീഡന പരാതികള്‍ നല്‍കിയത് സംശയത്തിനിടയാക്കുകയായിരുന്നു. വ്യത്യസ്ത ദിവസങ്ങളില്‍, ഗുരുഗ്രാമിലെ പല പോലീസ് സ്‌റ്റേഷനുകളിലാണ് യുവതി പരാതി നല്‍കിയിരുന്നത്. വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതിനൽകിയ പരാതിയിന്മേൽ അടുത്തിടെ ഡിഎല്‍എഫ് ഫേസ് 3 പോലീസ് സ്‌റ്റേഷനിലും കേസെടുത്തിരുന്നു.
അതേസമയം, യുവതി നല്‍കിയ പരാതികളില്‍ രണ്ടെണ്ണം വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ ഇതിനുശേഷവും യുവതി കൂടുതല്‍പേര്‍ക്കെതിരേ സമാനമായ പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. ഇതോടെ യുവതിയെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുകയായിരുന്നു.
Post Your Comments