Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

മുല്ലപ്പെരിയാര്‍ ഡാം തുറക്കാന്‍ തീരുമാനം, മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട് : വന്‍ തയ്യാറെടുപ്പ് നടത്തി കേരളം

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് തുറക്കാന്‍ തീരുമാനിച്ചതായി തമിഴ്‌നാടിന്റെ അറിയിപ്പ്. തീരുമാനം തമിഴ്നാട് കേരളത്തെ അറിയിച്ചു. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.

Read Also : ആര്യന് ജാമ്യം കിട്ടുമെന്ന് ശുഭാപ്തി വിശ്വാസവുമായി ഷാരൂഖിന്റെ കുടുംബം

വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് കൂടി കണക്കിലെടുത്താണ് തീരുമാനം. ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണെമന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

തുലാവര്‍ഷം ശക്തമാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ മുല്ലപ്പെരിയാറിന്റെ 27 കിലോമീറ്റര്‍ ചുറ്റളവില്‍ 20 ക്യാമ്പുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. ഉപ്പുതറ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ രണ്ട് ഡെപ്യൂട്ടി കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആര്‍ഡിഒയെയും ചുമതലപ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ ഉദ്യോഗസ്ഥരോട് സ്ഥലത്ത് ക്യാമ്പ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്ന് ജലം ഇടുക്കിയിലേക്ക് സുഗമമായി ഒഴുകിയെത്തുന്നതിന് തടസ്സങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള അപകട ഭീഷണി ഉണ്ടായാല്‍ ഇവരെ നേരില്‍ വിവരം ധരിപ്പിക്കുന്നതിനു വേണ്ടി 884 കുടുംബങ്ങളിലെ മൂവായിരത്തിലധികം അംഗങ്ങളുടെ ഫോണ്‍ നമ്പര്‍ അടക്കം ജില്ലാ ഭരണകൂടം എടുത്തു വച്ചിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളിലടക്കം യാതൊരു തരത്തിലുള്ള കുപ്രചരണങ്ങളും അനുവദിക്കില്ലെന്നും ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി രാജന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button