ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേയ്ക്കും. അമൃത്സറില്‍ വെച്ച് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുന്നതിന് പിന്നാലെ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് വിവരം. പാര്‍ട്ടി പ്രഖ്യാപനത്തോടൊപ്പം ബിജെപിയുമായി സഖ്യം ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് സൂചന.
അടുത്ത വര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. പഞ്ചാബില്‍ നവജ്യോത് സിംഗ് സിദ്ധുമായി ഉണ്ടായിരുന്ന അധികാര വടംവലിക്കൊടുവിലാണ് മുഖ്യമന്ത്രി സ്ഥാനം ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവച്ചത്. പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്‌ജ്യോത് സിംഗ് സിദ്ധു വന്നതോടെയാണ് അമരീന്ദറിനെതിരെയുള്ള നീക്കം ശക്തിപ്പെട്ടത്. താന്‍ പാര്‍ട്ടിയില്‍ മൂന്നാം തവണയും അപമാനിക്കപ്പെട്ടെന്നും ഇനിയും മുന്നോട്ട് പോകാനാകില്ലെന്ന് അമരീന്ദര്‍ സിംഗ് സോണിയയെ അറിയിച്ചിരുന്നു.
അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിന്ന അമരീന്ദര്‍ സിംഗ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.
Post Your Comments