തൃശൂര്‍: പറവട്ടാനിയില്‍ മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര്‍ പോലീസ് പിടിയിൽ. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ വളാഞ്ചേരിയില്‍ നിന്നാണ് മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തത്. മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
തൃശൂര്‍ ഒല്ലൂക്കര സ്വദേശികളായ അമല്‍ സ്വാലിൽ, സൈനുദ്ദീൻ, നവാസ് എന്നിവരാണ് പൊലീസ് പിടിയിലായത്. ഇരുപത്തി രണ്ടാം തീയതിയാണ് ഒല്ലൂക്കര സ്വദേശിയായ ഷമീര്‍ വെട്ടേറ്റ് മരിച്ചത്. സൈനുദ്ദീൻ നവാസ് എന്നിവരാണ് ഗൂഢാലോചന നടത്തിയത്. മീന്‍ വില്‍പനക്കെത്തിയ ഷമീറിന്റെ വാന്‍ തടഞ്ഞ് പ്രതികള്‍ ആക്രമിക്കുകയായിരുന്നു.
ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഷമീറിനെ അമല്‍ സ്വാലിഹ് പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. കൊല്ലപ്പെട്ട ഷമീര്‍ നേരത്തെ നവാസിനെ ആക്രമിച്ചിരുന്നതായും നവാസിന്റെ കുടുംബാംഗങ്ങളെ ഇയാള്‍ വ്യക്തിഹത്യ നടത്തിയതായും പ്രതികള്‍ പറയുന്നു. മീന്‍ വില്‍പ്പന സംബന്ധിച്ച തര്‍ക്കവും ഇവര്‍ക്കിടയിലുണ്ടായിരുന്നു.
കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികളെ പ്രത്യേക അന്വേഷണ സംഘം വളാഞ്ചേരിയില്‍ നിന്നാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments