ഭുജ്: പാക്കിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി രഹസ്യവിവരങ്ങള്‍ വാട്‌സ്ആപ്പ് വഴി കൈമാറിയ സംഭവത്തില്‍ ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍. രജൗരി ജില്ലയിലെ സലോര സ്വദേശിയായ മുഹമ്മദ് സജ്ജാദിനെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഭുജ് 74 ബറ്റാലിയനിലാണ് ജോലി ചെയ്യുന്നത്. ഇയാളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍ എന്നിവയും പിടിച്ചെടുത്തതായി എടിഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഭുജിലെ ബിഎസ്എഫ് ആസ്ഥാനത്തുവെച്ചായിരുന്നു അറസ്റ്റ്. 2012ല്‍ ബിഎസ്എഫില്‍ ചേര്‍ന്ന ഇയാളെ കഴിഞ്ഞ ജൂലൈയിലാണ് ഭുജ് 74 ബിഎസ്എഫ് ബറ്റാലിയനില്‍ വിന്യസിച്ചത്. ചാരപ്രവര്‍ത്തനത്തിന് ലഭിച്ചിരുന്ന പ്രതിഫലം സഹോദരന്‍ വാജിദിന്റെയും സുഹൃത്ത് ഇഖ്ബാലിന്റെയും അക്കൗണ്ടുകളിലേക്കായിരുന്നു ഇയാള്‍ എത്തിച്ചിരുന്നത്.
ബിഎസ്എഫിന് തെറ്റായ വ്യക്തിവിവരങ്ങളാണ് ഇയാള്‍ നല്‍കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. 1985 ജനുവരി ഒന്നിനാണ് ബിഎസ്എഫിന് നല്‍കിയ ജനനതീയതി. എന്നാല്‍ പാസ്‌പോര്‍ട്ടില്‍ ഇയാള്‍ 1985 ജനുവരി 30 എന്നാണ് ജനന തീയതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് എടിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments