ന്യൂഡല്‍ഹി: അതിര്‍ത്തിരക്ഷാസേനയുടെ അധികാരപരിധി ഉയര്‍ത്തുന്നതിനെതിരെ പഞ്ചാബിന് പിന്നാലെ പശ്ചിമ ബംഗാളും രംഗത്ത്. അതിര്‍ത്തിരക്ഷാസേനയുടെ സുരക്ഷാ അതിര്‍ത്തി ദീര്‍ഘിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം. എന്നാല്‍ നിലവിലെ സ്ഥിതി തുടരണമെന്നും മറ്റു സ്ഥലങ്ങളിലെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്തോളാമെന്നും ഇരു മുഖ്യമന്ത്രിമാരും അറിയിച്ചു. കേന്ദ്രസേനയുടെ നിലവിലുള്ള 15 കിലോമീറ്റര്‍ അധികാര പരിധി 50 കിലോമീറ്ററായി ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
സുരക്ഷാസേനയെ ഞാന്‍ ബഹുമാനിക്കുന്നു, സുരക്ഷയുടെ പേരില്‍ ആളുകളെ ഉപദ്രവിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നാണ് മമതാ ബാനര്‍ജിയുടെ പ്രസ്താവന. ബിഎസ്‌എഫിന്റെ അധികാരപരിധി വര്‍ധിപ്പിക്കുന്നതിനെ എതിര്‍ക്കുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ടെന്നും മമത പറഞ്ഞു. ബംഗ്ലാദേശ് -ബംഗാൾ അതിര്‍ത്തി പ്രദേശങ്ങള്‍ തികച്ചും സമാധാനപരമാണ്.
അതിനാല്‍ ബിഎസ്‌എഫിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നാണ് മമതയുടെ വാദം. മലയോര മേഖലയിലെ സാഹചര്യങ്ങളെ കുറിച്ച് പഠിച്ച് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലയോര മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് പുറത്തുനിന്നുള്ളവരാണെന്നും അവിടെയുള്ള നാട്ടുകാരല്ലെന്നും മമത ബാനര്‍ജി പറഞ്ഞു.
അതേസമയം പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ഈ വിഷയത്തില്‍ നിയമസഭയുടെ സമ്മേളനം വിളിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബ് അതിര്‍ത്തിയില്‍ ബിഎസ്‌എഫിന്റെ അധികാരപരിധി ഉയര്‍ത്താനുള്ള തീരുമാനം അംഗീകരിക്കില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചാനി പറഞ്ഞത്. തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തുമെന്നും ചന്നി അറിയിച്ചിരുന്നു.
ക്രമസമാധാന നില സംസ്ഥാനത്തിന്റെ വിഷയമാണെന്നും അവരെ വിശ്വാസത്തിലെടുക്കാതെ പഞ്ചാബില്‍ ഈ തീരുമാനം കൈക്കൊള്ളേണ്ട കാര്യം കേന്ദ്രത്തിനില്ലെന്നും ചന്നി അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള ക്രമസമാധാന നില നിയന്ത്രിക്കാന്‍ തന്റെ സര്‍ക്കാര്‍ പൂര്‍ണമായും പ്രാപ്തരാണെന്നാണ് ചന്നി വ്യക്തമാക്കിയത്. എന്നാൽ അതിർത്തിയിലും മറ്റും മയക്കുമരുന്ന് കടത്തും തീവ്രവാദവും കൂടുതലാണെന്നു അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ചന്നി തന്നെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുരക്ഷ വർധിപ്പിക്കാനുള്ള തീരുമാനം.
Post Your Comments