തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അവയവദാനപദ്ധതിയായ മൃതസഞ്ജീവനിയിലൂടെ എട്ട് വര്‍ഷത്തിനിടെ ഹൃദയം മാറ്റിവച്ചത് 64 രോഗികളില്‍. മൃതസഞ്ജീവനി രൂപീകൃതമായശേഷം 2013 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് മൃതസഞ്ജീവനിയിലൂടെ 64 ഹൃദയങ്ങള്‍ മാറ്റിവച്ചത്. ഏറ്റവും ഒടുവില്‍ അങ്കമാലി അഡ്‌ലക്‌സ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച ആല്‍ബിന്‍ പോളില്‍ നിന്നും ഹൃദയം ചെന്നൈ റെല ആശുപത്രിയിലെ 51 കാരനായ രോഗിക്ക് വച്ചുപിടിപ്പിച്ചു.
2013ല്‍ ആറ്, 2014ല്‍ ആറ്, 2015ല്‍ 14, 2016ല്‍ 18, 2017ല്‍ അഞ്ച്, 2018ല്‍ നാല്, 2019ല്‍ മൂന്ന്, 2020ല്‍ അഞ്ച്, 2021 ഒക്ടോബര്‍ 24 വരെ മൂന്ന് എന്നിങ്ങനെയാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടന്നത്. സംസ്ഥാനത്തിനകത്ത് ഏഴുതവണയും സംസ്ഥാനത്തിന് പുറത്ത് 13 തവണയും എയര്‍ ആംബുലന്‍സിന്റെ സഹായത്തോടെയാണ് ഹൃദയം കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്തിച്ചത്.
ഇതില്‍ നിര്‍ധന രോഗികള്‍ക്ക് എത്രയും വേഗം ഹൃദയം മാറ്റിവച്ച് അവരുടെ ജീവന്‍ സംരക്ഷിക്കുന്നതിന് എയര്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ വലിയതോതിലുള്ള ഇടപെടലുകളും ഉണ്ടായിട്ടുണ്ട്.
Post Your Comments