മുംബൈ: ആഡംബരക്കപ്പല്‍ മയക്കുമരുന്നുകേസില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ വൈകിയതിന് ബോളിവുഡ് നടി അനന്യ പാണ്ഡെയ്‌ക്കു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ രൂക്ഷ വിമർശനം. തോന്നുമ്പോള്‍ കയറിവരാന്‍ ഇതു പ്രൊഡക്ഷൻ ഹൗസല്ലെന്ന് എന്‍.സി.ബി. മേഖലാ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെ. നാളെ വീണ്ടും ഹാജരാകാന്‍ താരത്തിനു നിര്‍ദേശം നൽകി.
കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു അനന്യ പാണ്ഡെയുടെ ചോദ്യംചെയ്യല്‍. രണ്ടുദിവസവും വൈകിയാണെത്തിയത്. വ്യാഴാഴ്‌ച രണ്ടു മണിക്കു ഹാജരാകാനാണ് അനന്യയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പിതാവും നടനുമായ ചങ്കി പാണ്ഡെയ്‌ക്കൊപ്പം താരം എന്‍.സി.ബി. ഓഫീസിലെത്തിയതു വൈകിട്ടു നാലിന്! രണ്ടു മണിക്കൂറോളം ചോദ്യം ചെയ്‌തശേഷം പിറ്റേന്ന് രാവിലെ 11 ന് വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ച് വിട്ടയച്ചു. വൈകിയെത്തല്‍ വെള്ളിയാഴ്‌ചയും ആവര്‍ത്തിച്ചു. 11 നു പകരം എത്തിയത് ഉച്ചകഴിഞ്ഞു രണ്ടിന്.
’11 മണിക്കു ഹാജരാകാനാണു നിങ്ങളോടു നിര്‍ദേശിച്ചിരുന്നത്. ഉദ്യോഗസ്‌ഥര്‍ വെറുതേ ഇരിക്കുകയല്ല. അവരുടെ സമയം നിങ്ങള്‍ പാഴാക്കരുത്. ഇതു നിങ്ങളുടെ പ്രൊഡക്ഷൻ ഹൗസല്ല, ഒരു കേന്ദ്ര ഏജന്‍സിയുടെ ഓഫീസാണെന്നതു മറക്കരുത്. നിര്‍ദേശിച്ച സമയത്തുതന്നെ ഹാജരാകണം’-വാങ്കഡെ മുന്നറിയിപ്പു നല്‍കി. അനന്യയുടെ വസതിയില്‍ പരിശോധന നടത്തി ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തശേഷമാണ് ചോദ്യം ചെയ്യലിന് എന്‍.സി.ബി. ഓഫീസിലെത്താന്‍ നിര്‍ദേശം നല്‍കിയത്.
രണ്ടുമണിക്ക് എത്താന്‍ ആവശ്യപ്പെട്ടെങ്കിലും നാലിനാണ് അനന്യ അന്ന് എത്തിയത്. ആറുമണിക്കുശേഷം കേന്ദ്ര ഏജന്‍സികള്‍ സ്‌ത്രീകളെ ചോദ്യംചെയ്യാറില്ല. അതുകൊണ്ടുതന്നെ രണ്ടുമണിക്കൂര്‍ മാത്രമാണ് അന്ന് എന്‍.സി.ബിക്കു ചോദ്യംചെയ്യല്‍ സാധ്യമായത്. ഇതിനു തുടര്‍ച്ചയായി പിറ്റേന്നും ഹാജരാകാന്‍ അനന്യയോടു നിര്‍ദേശിച്ചു. രാവിലെ 11 ന് എത്താന്‍ പറഞ്ഞെങ്കിലും വന്നത് രണ്ടിനായിരുന്നു. വൈകിയെത്തിയതിനു ശകാരവര്‍ഷംനടത്തി നാലുമണിക്കൂര്‍ ചോദ്യംചെയതശേഷം തിങ്കളാഴ്‌ച ഹാജരാകണമെന്നു നിര്‍ദേശിച്ചു വിട്ടയച്ചു.
Post Your Comments