മുംബൈ:ആഡംബര കപ്പലിലെ ലഹരിക്കേസിൽ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും നടി അനന്യ പാണ്ഡെയും തമ്മിൽ മയക്കുമരുന്നിനെ കുറിച്ച് വാട്സ്ആപ്പ് ചാറ്റ് നടത്തിയതായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. കഞ്ചാവ് ലഭിക്കുമോ എന്ന് ആര്യൻ ചോദിക്കുമ്പോൾ, ശരിയാക്കാം എന്ന് അനന്യ മറുപടി നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം കേസുമായി ബന്ധപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസവും അനന്യയെ എൻസിബി ചോദ്യം ചെയ്തു. ആര്യനുമൊന്നിച്ച് എത്ര കാലമായി ലഹരി ഉപയോഗിക്കുന്നുവെന്നും കൂടെ ലഹരി ഉപയോഗിക്കുന്ന മറ്റുള്ളവർ ആരൊക്കെയെന്നും അനന്യയോട് ഉദ്യോഗസ്ഥൻ ചോദിച്ചു. ചാറ്റ് അനുസരിച്ച് ലഹരി എത്തിച്ചു നൽകുന്നത് ആരാണെന്നും ലഹരി നേരിട്ടുവാങ്ങുകയാണോ ചെയ്യുകയെന്നും എൻസിബി നടിയോട് ചോദിച്ചു.
‘ഓരോ തവണയും വാങ്ങിയ ലഹരിയുടെ അളവെത്ര? എത്ര തവണ ലഹരി വാങ്ങിച്ചു? എങ്ങനെയാണ് ലഹരി എത്തിക്കുന്നയാൾക്ക് പണം നൽകുന്നത്? ഏതു സ്ഥലത്തു വച്ചാണ് ലഹരി തരുന്ന ആളെ കാണുന്നത്? നിരോധിത പദാർത്ഥങ്ങൾ എത്തിക്കാൻ സഹായിക്കുന്ന സുഹൃത്തുക്കൾ ആരൊക്കെ?’ തുടങ്ങിയ ചോദ്യങ്ങളാണ് അനന്യയോട് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ ചോദിച്ചത്. എന്നാൽ താൻ ഇതുവരെ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ആര്യനുമായുള്ള ചാറ്റുകൾ ഒരു വർഷം മുമ്പുള്ളതാണ് എന്നുമാണ് നടി മറുപടി നൽകിയത്.
ഒക്ടോബർ മൂന്നിന് മുംബൈ തീരത്ത് ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെ എൻസിബി നടത്തിയ റെയ്ഡിലാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായത്. പ്രതികളിൽനിന്ന് 13 ഗ്രാം കൊക്കെയ്ൻ, 5 ഗ്രാം എംഡി, 21 ഗ്രാം ചരസ്, 22 ഗുളികകൾ എംഡിഎംഎ എന്നിവയും 1.33 ലക്ഷം രൂപയും പിടിച്ചെടുത്തതായി എൻസിബി സംഘം കോടതിൽ വ്യക്തമാക്കിയിരുന്നു.
Post Your Comments