തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍, ക്വാറികളുടെ പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കവെ റവന്യൂ പുറമ്ബോക്ക് ഭൂമികളില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നീക്കവുമായി സര്‍ക്കാര്‍. ഓരോ താലൂക്കിലും ആര്.ഡി.ഒമാരുടെ നേതൃത്വത്തില്‍ ക്വാറികള്‍ക്ക് അനുയോജ്യമായ ഭൂമി കണ്ടെത്താനും ഡിസംബറിനുള്ളില്‍ അനുമതി നല്‍കാനുമാണ് നിര്‍ദേശം. അടിക്കടിയുണ്ടാകുന്ന ഉരുള്‍പൊട്ടലുകള്‍ക്ക് ഒരുകാരണം ക്വാറികള്‍ക്ക് നല്കുന്ന അനിയന്ത്രിത അനുമതിയാണെന്ന മുന്നറിയിപ്പുകള്‍ ചര്‍ച്ചയാകുമ്പോഴാണ് വീണ്ടും ക്വാറി അനുമതിക്കുള്ള നീക്കം പുറത്താകുന്നത്.
ഓരോ താലൂക്കിലും റവന്യൂ പുറമ്പോക്കുകളില്‍ ക്വാറികള്‍ക്കായി സ്ഥലം കണ്ടെത്താനുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ആര്.ഡി.ഒമാരുടെ നേതൃത്വത്തില്‍ പുതിയ ക്വാറികള്‍ക്കായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താനാണ് ലാന്‍ഡ് റവന്യൂ കമീഷണറുടെ ജൂലൈ രണ്ടിലെ നിര്‍ദേശം.എല്ലാം പരിശോധിച്ചാണ് അനുമതിയെന്നാണ് എപ്പോഴും സര്‍ക്കാര്‍ നല്കുന്ന വിശദീകരണം. ഉരുള്‍പൊട്ടല്‍ ഉണ്ടായാല്‍ ആ ജില്ലകളിലെ ക്വാറികളുടെ പ്രവര്‍ത്തനം കണ്ണില്‍പൊടിയിടാന്‍ ചുരുങ്ങിയ സമയത്തേക്ക് നിര്‍ത്തിവെക്കുക മാത്രമാണ് ചെയ്യാറ്.
അതേസമയം, കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ഭൂമിയിലെ ക്വാറികളുടെ അനുമതിക്ക് കൃത്യമായ രൂപരേഖ ഉണ്ടാക്കുകയാണ് ചെയ്തതെന്നാണ് റവന്യൂ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ഹെക്ടറിന് 10 ലക്ഷം കുറഞ്ഞ പാട്ടത്തുക നിശ്ചയിച്ച് ലേലം നടത്തി ഡിസംബറിനുള്ളില്‍ അനുമതി നല്‍കണം. ഒക്ടോബര്‍ 30നകം ക്വാറികള്‍ ഏറ്റെടുത്തവരുമായി കരാര്‍ ഒപ്പിടണം. നിലവിലുള്ള ക്വാറികളില്‍നിന്ന് സീനിയറേജ് അടക്കം സര്‍ക്കാറിലേക്ക് ലഭിക്കാനുള്ള കുടിശ്ശികകള്‍ ഉടന്‍ പിരിച്ചെടുക്കാനും നിര്‍ദേശമുണ്ട്. സ്ഥലം കണ്ടെത്തുമ്പോള്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള റെഡ് സോണുകള്‍, പരിസ്ഥിതിലോല പ്രദേശങ്ങള്‍, വനം എന്നിവ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
ഉയരംകൂടിയ മേഖലകളിലെ ക്വാറികള്‍ ജനവാസമേഖലകള്‍ക്ക് കൂടുതല്‍ ഭീഷണി ഉയര്‍ത്തുകയാണ് ഇപ്പോള്‍. 2018 ല്‍ മഹാപ്രളയം ഉണ്ടായതിനുശേഷവും ക്വാറികള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നെങ്കിലും തൊട്ടടുത്തവര്‍ഷം ജനുവരിക്കുശേഷം 223 ക്വാറികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പരിസ്ഥിതിലോല പ്രദേശങ്ങളെ ഒഴിവാക്കുമെന്ന് ഉത്തരവുകളില്‍ പറയുമ്പോഴും ഇത് ലംഘിക്കപ്പെടാറുമുണ്ട്.
Post Your Comments