മുംബൈ: ആഡംബര കപ്പലില്‍ ലഹരി മരുന്ന് പാര്‍ട്ടിക്കിടെയാണ് താര ചക്രവര്‍ത്തി ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ എന്‍സിബിയുടെ പിടിയിലായത്. ആര്യന്‍ ഖാന്‍ മയക്കുമരുന്നു കേസില്‍ കുടുങ്ങിയതോട ബോളിവുഡ് സിനിമാ ലോകം ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്. ആര്യന്‍ ജയിലിലായതോടെ കിംഗ് ഖാന്‍ സിനിമയ്ക്ക് അവധി പറഞ്ഞിരിക്കുകയാണ്. സിനിമാ ഷൂട്ടിങ് ഉപേക്ഷിച്ചാണ് അദ്ദേഹം മുംബൈയിലെ വസതിയില്‍ തന്നെ തങ്ങുന്നത്. ഗൗരി ഖാന്‍ ആകട്ടെ കണ്ണീരും പ്രാര്‍ത്ഥനയുമായി കഴിച്ചു കൂട്ടുകയാണ്. ആര്യന്‍ അറസ്റ്റിലായിട്ട് ഇപ്പോള്‍ മൂന്നാഴ്ച്ച പിന്നിട്ടു.
സിനിമ ചിത്രീകരണങ്ങള്‍ മാറ്റിവെച്ച് പിതാവ് ഷാരൂഖ് ഖാനും വിദേശയാത്ര ഒഴിവാക്കി ഇന്റീരിയര്‍ ഡിസൈനറായ മാതാവ് ഗൗരി ഖാനും ആര്യന്റെ വരവിനായി കണ്ണീരോടെ കാത്തിരിക്കുകയാണ്. കോടതിയുടെ നീണ്ട അവധികളാണ് ഇവരുടെ ആശങ്കയേറ്റുന്നത്. നവംബര്‍ ആദ്യവാരത്തില്‍ ആരംഭിക്കുന്ന ദീപാവലി അവധി രണ്ടാഴ്ച നീളും. ഇതാണ് മന്നത്ത് കുടുംബത്തെ ആശങ്കയിലാക്കുന്നത്.
എന്‍.ഡി.പി.എസ് കോടതി വിധിക്കെതിരെ അഭിഭാഷകര്‍ ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും വാദം കേള്‍ക്കല്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. തിങ്കളാഴ്ച അപ്പീലില്‍ എന്‍.സി.ബി മറുപടി ഫയല്‍ ചെയ്യണം. 30 നുള്ളില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറഞ്ഞില്ലെങ്കില്‍ അടുത്ത ഒന്നു മുതല്‍ 12 വരെ കോടതിക്ക് ദീപാവലി അവധിയാണ്. തുടര്‍ന്ന് രണ്ടാം ശനിയും ഞായറും. പിന്നെ 15 നാണ് കോടതി തുറക്കുക. ഇതാണ് ഷാരൂഖിനെയും കുടുംബത്തേയും തളര്‍ത്തുന്നത്.
Post Your Comments