തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ്റെ നിലപാടിനെ തള്ളി അനുപമയും അജിത്തും. അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടണമെന്ന ആനാവൂർ നാഗപ്പൻ്റെ നിലപാടിനെ തള്ളിയാണ് അനുപമയും അജിതും രംഗത്ത് എത്തിയത്. സിപിഎം പറയുന്ന പിന്തുണയിൽ വിശ്വാസവും പ്രതീക്ഷയും ഇല്ലെന്നു അജിത്തും അനുപമയും പറഞ്ഞു. കുഞ്ഞിനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് മുൻപ് ആനാവൂർ നാഗപ്പനോട് സംസാരിച്ചപ്പോൾ തങ്ങളോട് പൊട്ടിത്തെറിക്കുകയാണ് ചെയ്തതെന്ന് അനുപമയും അജിതും പറഞ്ഞു. ആനാവൂരിന് മാസങ്ങൾക്ക് മുൻപ് ഞങ്ങൾ കൊടുത്ത പരാതിയിൽ ഇപ്പോൾ ഈ നിലപാട് എടുക്കുന്നത് മുഖം രക്ഷിക്കാൻ വേണ്ടി മാത്രമാണെന്നും അനുപമ വ്യക്തമാക്കി.
‘ഇപ്പോൾ പറയുന്നതല്ല പാർട്ടി അന്നെടുത്ത നിലപാട്. ആറ് മാസം മുൻപേ ഇതേ വിഷയത്തിൽ ആനാവൂർ നാഗപ്പനെ ഞങ്ങൾ നേരിൽ പോയി കണ്ടതാണ്. ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ആനാവൂർ നാഗപ്പനും ജയൻ ബാബു സഖാവിനും ഞങ്ങൾ പരാതി നൽകിയിരുന്നു. ജില്ലാ കമ്മിറ്റി ഓഫീസിലാണ് നേതാക്കളെ കാണാൻ പോയത്. കൊവിഡ് രോഗബാധിതനായി വിശ്രമത്തിലായിരുന്നതിനാൽ ആനാവൂരിനെ അന്ന് നേരിൽ കാണാനായില്ല. പക്ഷേ ഫോണിൽ സംസാരിക്കുകയും പരാതി പാർട്ടി ഓഫീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എൻ്റെ പരാതിയിൽ ഒരിടത്തും എൻ്റെ കൈയിൽ നിന്നും അനുമതി എഴുതി വാങ്ങി എന്നൊരു കാര്യം പറയുന്നില്ല. ആനാവൂരിന് ഞാൻ പരാതി കൊടുക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം എൻ്റെ പിതാവിനോട് സംസാരിച്ചത്. അച്ഛനാണ് എൻ്റെ അനുമതി പത്രത്തോടെയാണ് കുഞ്ഞിനെ കൈമാറിയത് എന്ന് കള്ളം പറഞ്ഞത്. പിന്നെ എങ്ങനെയാണ് എന്നോട് ഇതേക്കാര്യം ആദ്യം തന്നെ സംസാരിച്ചു എന്ന് ആനാവൂർ നാഗപ്പൻ പറയുക’- അനുപമ വ്യക്തമാക്കി.
‘കുഞ്ഞിനെ സ്വന്തം അമ്മയ്ക്ക് തിരികെ കിട്ടണമെന്നാണ് പാർട്ടിയുടെ നിലപാട്. അതിനായുള്ള നിയമപരമായ എല്ലാ പിന്തുണയും പാർട്ടി നൽകും. ഇക്കാര്യത്തിൽ പൊലീസ് കാര്യക്ഷമമായി ഇടപെട്ടോ എന്നറിയില്ല. ഇക്കാര്യത്തിൽ കോടതിയാണ് അന്തിമമായി തീരുമാനമെടുക്കേണ്ടത്. അനുപമയുമായി ഇക്കാര്യം ഞാൻ നേരിട്ട് സംസാരിച്ചിട്ടില്ല. എന്നാൽ ഫോണിൽ സംസാരിച്ചപ്പോൾ പാർട്ടിയെ കൊണ്ട് തീരുന്ന വിഷയമല്ല ഇതെന്നും നിയമപരമായി നീങ്ങുന്നതാണ് നല്ലതെന്നും അനുപമയോട് പറഞ്ഞിരുന്നു’- ആനാവൂർ നാഗപ്പൻ പറഞ്ഞിരുന്നു.
Post Your Comments