ബോളിവുഡ് താരം ആമിര്‍ ഖാന്‍ അഭിനയിച്ച സിയറ്റ് ടയറിന്റെ പരസ്യത്തിനെതിരെ ബിജെപി എംപി അനന്തകുമാര്‍ ഹെഗ്‌ഡെ രംഗത്ത്. റോഡിൽ പടക്കം പൊട്ടിക്കരുതെന്ന് പരസ്യത്തിൽ പറയുന്ന അമീർ ഖാൻ നിസ്കാരത്തിന്റെ പേരിൽ റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ബാങ്ക് വിളിയുടെ ഒച്ച കുറയ്‌ക്കണമെന്നും പറയാൻ ധൈര്യപ്പെടുമോയെന്നാണ് അനന്തകുമാർ ഹെഗ്‌ഡേ ചോദിക്കുന്നത്. ആമിർ അഭിനയിച്ച പരസ്യം ഹിന്ദുമത വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്ന് ഹെഗ്‌ഡെ ആരോപിക്കുന്നു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം കമ്പനി സിഇഒ ആനന്ദ് വര്‍ധന് കത്തെഴുതി.
പരസ്യത്തില്‍ തെരുവില്‍ പടക്കം പൊട്ടിക്കരുതെന്ന് ആമിര്‍ഖാന്‍ ഉപദേശം നല്‍കുന്നുണ്ട്. ഇതാണ് ഹെഗ്ഡയെ ചൊടിപ്പിച്ചത്. റോഡില്‍ വഴിമുടക്കി നമസ്‌കരിക്കരുതെന്ന് പറയാനും ബാങ്ക് വിളി സമയത്തെ പള്ളികളില്‍ നിന്നുയരുന്ന ശബ്ദ മലിനീകരണം ഒഴിവാക്കണമെന്ന് പറയാനും നിങ്ങൾ ധൈര്യം കാണിക്കുമോയെന്നായിരുന്നു ഹെഗ്‌ഡെ കത്തിൽ ചോദിക്കുന്നത്. ഹിന്ദുക്കള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്ന ഇത്തരം പരസ്യങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘തെരുവിൽ പടക്കം പൊട്ടിക്കരുതെന്ന് അമീർ ഖാൻ ആളുകളെ ഉപദേശിക്കുന്ന നിങ്ങളുടെ കമ്പനിയുടെ പുതിയ പരസ്യം വളരെ നല്ല സന്ദേശമാണ് നൽകുന്നത്. പൊതു പ്രശ്നങ്ങളോടുള്ള നിങ്ങളുടെ ആശങ്ക കയ്യടി അര്‍ഹിക്കുന്നു. ഇതുപോലെ റോഡുകളിൽ ആളുകൾ നേരിടുന്ന മറ്റൊരു പ്രശ്നം കൂടി പരിഹരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, അതായത്, വെള്ളിയാഴ്ചകളിൽ നമസ്കാരത്തിന്റെ പേരിലും മുസ്ലീങ്ങളുടെ മറ്റ് പ്രധാന ഉത്സവ ദിവസങ്ങളിലും റോഡുകൾ തടയുന്നതാണത്. ഹിന്ദു വിരുദ്ധ അഭിനേതാക്കള്‍ എന്ന സംഘം എപ്പോഴും ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്താനാണ് ശ്രമിക്കുന്നത്. അവര്‍ ഒരിക്കലും അവരുടെ സമുദായത്തിന്റെ തെറ്റായ കാര്യങ്ങള്‍ വെളിപ്പെടുത്താറില്ല’, ഹെഗ്‌ഡെ പറയുന്നു.
Post Your Comments