തിരുവനന്തപുരം : ഇന്നലെ കാര്യമായ മഴ പെയ്തില്ലെങ്കിലും ഇടുക്കി ഉൾപ്പെടെ 13 അണക്കെട്ടുകൾ തുറന്നുതന്നെ.തൃശൂർ ഷോളയാർ ഡാമിൽ തുറന്നുവച്ചിരുന്ന ഏക ഷട്ടർ അടച്ചു. പാലക്കാട് ജില്ലയിൽ മലമ്പുഴ അടക്കമുള്ള ഡാമുകളുടെ ഷട്ടറുകൾ കഴിഞ്ഞ ദിവസം അടച്ചിരുന്നു. ഇന്നലെ വൈകിട്ടു മഴയിൽ നീരൊഴുക്കു വർധിച്ചതോടെ നെല്ലിയാമ്പതി പോത്തുണ്ടി ഡാമിന്റെ 3 ഷട്ടറുകളും ഇന്നലെ 15 സെന്റീമീറ്റർ തുറന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.08 അടിയിലെത്തിയപ്പോഴാണ് 3 ഷട്ടറുകൾ ചൊവ്വാഴ്ച തുറന്നത്.
ഒരു മിനിറ്റിൽ 60 ലക്ഷം ലീറ്റർ വെള്ളമാണ് ഇപ്പോൾ പുറത്തു വിടുന്നത്. നിലവിൽ 2398.02 അടിയാണ് ജലനിരപ്പ്. ഇത് 2395 അടിയിൽ എത്തുമ്പോൾ ഷട്ടറുകൾ അടയ്ക്കാനാണ് സാധ്യത. ഇടമലയാർ അണക്കെട്ടിലെ 2,3 ഷട്ടറുകൾ 80 സെന്റീമീറ്റർ വീതം തുറന്നിരിക്കുകയാണ്. ഷട്ടറുകൾ തുറക്കുമ്പോൾ ജലനിരപ്പ് 165.70 ആയിരുന്നത് ഇപ്പോൾ 165.40 മീറ്ററായി കുറഞ്ഞു. പരമാവധി സംഭരണശേഷിയുടെ 89.79 ശതമാനമാണിത്.തെന്മല പരപ്പാർ അണക്കെട്ടിലെ 3 ഷട്ടറുകളും 1.50 മീറ്റർ തുറന്നു വച്ചിട്ടുണ്ട്.
ഇന്ന് ശക്തമായ മഴയില്ലെങ്കിൽ ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം താഴ്ത്തും. ജലനിരപ്പ് ഇന്നലെ 112.82 മീറ്ററായി. 115.82 മീറ്ററാണു സംഭരണ ശേഷി. ഈ മാസം സംഭരിക്കാവുന്ന ജലത്തിന്റെ അളവ് 111.63 മീറ്ററാണ്. തൃശൂരിൽ പീച്ചി, ചിമ്മിനി, വാഴാനി, പെരിങ്ങൽകുത്ത് ഡാമുകളുടെ ഷട്ടറുകൾ തുറന്ന നിലയിലാണ്. പത്തനംതിട്ടയിൽ കക്കി ആനത്തോട്, പമ്പ, മൂഴിയാർ, മണിയാർ അണക്കെട്ടുകൾ തുറന്നിരിക്കുകയാണ്. എന്നാൽ ഇത്തവണ ശാസ്ത്രീയമായ ഡാം മാനേജ്‌മെന്റിലൂടെ 2018 ലെ പോലെ പ്രളയ ഭീഷണി ഇല്ല എന്നത് തന്നെ ആശ്വാസമാണ്.
Post Your Comments