നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന കനത്തമഴയില്‍ മരിച്ചവരുടെ എണ്ണം 46 ആയി. മഴക്കെടുതിയില്‍ 11 പേരെ കാണാതായി എന്നാണ് വിവരം. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്നാണ് വിവരം.
Read Also : ജമ്മുകാശ്മീരില്‍ ലഷ്‌കര്‍ ഭീകരരെ കൂട്ടത്തോടെ വധിച്ചതിന് പിന്നാലെ രണ്ട് ഭീകരരെ കൂടി വധിച്ച് സൈന്യം
തുടര്‍ച്ചയായി പെയ്ത കനത്ത മഴയിലും മേഘവിസ്ഫോടനത്തിലുമാണ് സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായത്. പല ജില്ലകളിലും മണ്ണിടിച്ചിലില്‍ ഗ്രാമങ്ങളും പാലങ്ങളും റോഡുകളും പൂര്‍ണമായും തകരുകയും നദികള്‍ വഴിമാറി ഒഴുകുകയും ചെയ്തിട്ടുണ്ട്. നൈനിറ്റാള്‍, അല്‍മോറ തുടങ്ങിയ ജില്ലകളും പൂര്‍ണമായും ഒറ്റപ്പെട്ടു.
മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപയും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 1.9 ലക്ഷം രൂപയും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയും അനുവദിച്ചു. ന്യൂനമര്‍ദ്ദം പശ്ചിമ ബംഗാള്‍, ഒഡീഷ ഭാഗത്തേക്ക് നീങ്ങിയതിനാല്‍ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്ന ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Post Your Comments