![](/wp-content/uploads/2019/05/dubai-police-1.jpg)
ദുബായ്: ജലപാതകളിൽ സുരക്ഷയൊരുക്കാനായി സ്മാർട്ട് സുരക്ഷാ സംവിധാനവുമായി ദുബായ് പോലീസ്. തീരരക്ഷാ സേന, ദുബായ് പൊലീസ്, കസ്റ്റംസ്, സിവിൽ ഡിഫൻസ്, പട്രോളിങ് വിഭാഗം, മാരിടൈം റസ്ക്യൂ, സൈന്യം എന്നിവ സംയുക്തമായാണ് ജലപാതകളിൽ സ്മാർട് സുരക്ഷയൊരുക്കുന്നത്. മത്സ്യ ബന്ധന-യാത്രാ ബോട്ടുകൾ, പത്തേമാരികൾ, യോട്ടുകൾ, കപ്പലുകൾ, ജെറ്റ് സ്കീകൾ തുടങ്ങിയ എല്ലാ ജലയാനങ്ങളും നിരീക്ഷണ പരിധിയിലുണ്ടാകും. കടലിൽ 12 മൈൽ പരിധിക്കുള്ളിലാണെങ്കിൽ പോലീസാണ് സഹായത്തിന് എത്തുക. അതിന് ശേഷം നാവിക സേനയാണ് സഹായത്തിനായി എത്തുന്നത്. നിരീക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ‘സെയിൽ സേഫ്റ്റി’ സ്മാർട് ശൃംഖല ദുബായ് പൊലീസ് വിപുലമാക്കുകയും ചെയ്തു.
അൽ ഹംറിയ, ദെയ്റ പോർട്-ഹയാത്ത് റീജൻസി, ദുബായ് ക്രീക്-അൽ മക്തൂം ബ്രിഡ്ജ്, ഫ്ലോട്ടിങ് ബ്രിഡ്ജ്, ഫിഷിങ് ഹാർബർ1-ഉംസുഖൈം, ദുബായ് ഐ എന്നിവിടങ്ങളിലെല്ലാം നൂതന സംവിധാനങ്ങളോടെ മറൈൻ റസ്ക്യൂ കേന്ദ്രങ്ങളുണ്ട്. സെയിൽ സേഫ്ലി ആപ്പിൽ റജിസ്റ്റർ ചെയ്യുന്ന ജലയാനങ്ങൾക്ക് നിശ്ചിത പരിധിയിൽ പൂർണസുരക്ഷ ഉറപ്പാക്കാനാകുമെന്ന് സിഐഡി വിഭാഗത്തിലെ ഒമർ അൽ ഹർമൂദി അറിയിച്ചു. വിവിധ എമിറേറ്റുകളെ ബന്ധിപ്പിച്ച് ജലഗതാഗത സർവീസുകൾ പരിഗണിക്കുന്നതു കൂടി കണക്കിലെടുത്താണ് ഇത്തരമൊരു സംവിധാനം ഒരുക്കിയത്. നിലവിൽ ദുബായ് ജലാതിർത്തിക്കുള്ളിൽ തുടക്കമിട്ട പദ്ധതി ഘട്ടംഘട്ടമായി ഇതര മേഖലകളിലേക്കു വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
സഹായം തേടി സന്ദേശമെത്തിയാൽ ഉടൻ തന്നെ നേവിക്കും കടലിലെ പൊലീസ് നിരീക്ഷണ ബോട്ടുകൾക്കും വിവരം കൈമാറും. രാത്രിയിലും നിരീക്ഷണം നടത്താൻ കഴിയുന്ന ക്യാമറകളും റഡാറുകളും കടൽത്തീരങ്ങളിലുണ്ട്.
Post Your Comments