അഞ്ജു പാർവതി പ്രഭീഷ്
കൊവിഡ്-19 എന്ന മഹാമാരിക്കു മുന്നിൽ കഴിഞ്ഞ രണ്ടു കൊല്ലത്തോളമായി പൊരുതിക്കൊണ്ടിരിക്കുന്ന ഒരു ജനതയ്ക്ക് , രണ്ട് പ്രളയങ്ങൾ നല്കിയ മുറിവുകളെ ഉണക്കിതോർത്തിയെടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലാത്ത ഒരു ജനതയ്ക്ക് മറ്റൊരു പ്രളയത്തെകൂടി താങ്ങാൻ കഴിയുമോ എന്ന ദുഃഖകരമായ സന്ദേഹം ചോദ്യരൂപത്തിൽ ചോദിക്കുന്നവരെ സംസ്ഥാനദ്രോഹികളായും നികൃഷ്ടരായും ചാപ്പ കുത്തുന്നവരുടെ നീണ്ട നിരയാണെങ്ങും .
2019 ൽ കവളപ്പാറയിൽ കണ്ട ,2020 ൽ രാജമലയിൽ കണ്ട അതേ ദുരന്തം 2021 ൽ കൂട്ടിക്കലിലും കൊക്കയാറിലും നമ്മൾ കണ്ടു. ഒന്നിനും മാറ്റമില്ല ! നഷ്ടപ്പെടലുകൾക്കും വേർപാടിനും വിലാപങ്ങൾക്കും കണ്ണീരിനും ഒന്നിനും ! പക്ഷേ ഇല്ലാത്ത ഭരണമികവിന്റെ അതിജീവനഗാഥകൾക്ക് കഴിഞ്ഞ മൂന്നുവർഷത്തോളമായി മടുപ്പില്ലാതെ കുതിച്ചെത്തുന്ന മഴവെള്ളപ്പാച്ചിലിൽപ്പെട്ട ദുരിതബാധിതരെ സാന്ത്വനിപ്പിക്കാൻ കഴിയില്ലെന്ന് വിളിച്ചു പറഞ്ഞാൽ അത് വിളിച്ചുപറയുന്നവന്റെ മനോവൈകല്യമാണെന്ന തിട്ടൂരമിറക്കാൻ മത്സരിക്കുന്നവരിൽ മുൻ ന്യായാധിപൻ മുതൽ മുമ്പേ പോണ തമ്പ്രാൻ പറയുന്ന എന്തിനുമേതിനും സിന്ദാവാ വിളിക്കുന്ന അന്തം വരെയുണ്ട്. രാജാവിന്റെ നഗ്നത പകൽവെളിച്ചത്തിൽ ദൃശ്യമാണെങ്കിലും രാജാവ് നഗ്നനാണെന്ന് പറയാൻ പാടില്ലെന്നു ചുരുക്കം.
ജീവിതത്തിന്റെ സേഫ്സോണുകളിലിരുന്ന് കീബോർഡിൽ കുത്തി ദുരന്താവലോകനം നടത്താനും അതിജീവനത്തിന്റെ ടെക്നിക്കുകൾ ഉപദേശിക്കാനും എളുപ്പമാണ് . പക്ഷേ ഓരോ വർഷകാലത്തും കൂട്ടിക്കിഴിച്ചുവച്ചിരിക്കുന്ന ജീവിതത്തിന്റെ ബാലൻസ്ഷീറ്റിൽ മഴവെള്ളം ആർത്തലച്ചെത്തുമ്പോൾ പകച്ചുനില്ക്കേണ്ടി വരുന്ന നിസ്സഹായകർക്ക് വേണ്ടത് അതൊന്നുമല്ല. കെടുതിയിൽ നിന്നും കരകയറാനുള്ള ശാശ്വതമാർഗ്ഗമാണ്. അതൊട്ട് നല്കാൻ ഉപദേശകവൃന്ദങ്ങൾക്ക് കഴിയുന്നുമില്ല. അപ്പോൾ തലയ്ക്ക് വെളിവും ബോധവുമുള്ള മനുഷ്യർ ചോദ്യം ചോദിക്കുക തന്നെ ചെയ്യും.
2018 ലെ പ്രളയം അവിചാരിതവും ആകസ്മികവുമായിരുന്നുവെന്ന് വയ്ക്കാം. അങ്ങനെയെങ്കിൽ 2019ലേത് വലിയൊരു തിരിച്ചറിവാവേണ്ടതാണ്. 2020 ൽ ഉണ്ടായത് ആവർത്തനമാണ്. അങ്ങനെ വരുമ്പോൾ 2021 ലേത് പാളിപ്പോയ ഡിസാസ്റ്റർ മാനേജ്മെന്റ് തന്നെയാണ്.അനിവാര്യമായത് ചെയ്യാത്തതിന്റെ കണക്കെടുപ്പ് മാത്രമാണത്. പക്ഷേ ആ കണക്കെടുപ്പിൽ നഷ്ടപ്പെടലുകൾ ഉണ്ടായത് കുറേ പാവം മനുഷ്യർക്ക് മാത്രം. ആസന്നമായ ദുരന്തത്തെ മുന്നിൽ കണ്ട് ബക്കറ്റുപ്പിരിവിനു കച്ചക്കെട്ടിയിരിക്കുന്നവർക്ക് ഓരോ മഹാമാരിയും ചാകരയാണ്. അവർ മുക്കിയ കോടികളുടെ പ്രളയഫണ്ടിൽ പുരണ്ടിരിക്കുന്നത് പാവപ്പെട്ട കുറേ മനുഷ്യരുടെ വിയർപ്പിന്റെ വിലയാണ്. ആ മനുഷ്യരിൽ കഴിഞ്ഞ രണ്ടു വർഷവും അരവയർ ഇറുക്കിക്കെട്ടി പ്രാരാബ്ദങ്ങൾക്കിടയിൽപ്പോലും തങ്ങളാൽ ചെയ്യാവുന്ന സഹായത്തിനുമപ്പുറം പിറന്ന നാടിനും സഹോദരങ്ങൾക്കുമായി ചെയ്ത പ്രവാസികളുടെ വിയർപ്പിന്റെ അക്കങ്ങളുണ്ട്. കുഞ്ഞുങ്ങളുടെ കുടുക്ക പൊട്ടിച്ച നാണയത്തുട്ടുകളുടെ കിലുക്കമുണ്ട്. കാരുണ്യത്തെ മുതലെടുത്ത് കീശ വീർപ്പിച്ചവരിൽ പുരോഗമനായകപട്ടം നേടിയ സംവിധായകൻ മുതൽ ഊച്ചാളി വാസു വരെയുണ്ട്. കാത്തിരിക്കുന്നുണ്ടവർ വീണ്ടും വിളവെടുപ്പിനായി. അന്യന്റെ വിയർപ്പിനെ ,കാരുണ്യത്തെ ഒക്കെ വിറ്റ് സ്വന്തം കീശ വീർപ്പിക്കുന്നവരോളം നിന്ദ്യർ ഈ ഭൂമിയിൽ വേറെയില്ല. അവരോളം നികൃഷ്ടർ മറ്റാരുമില്ല.
പ്രളയദുരിതമെന്നും ആദ്യം കൈയ്യെത്തി പിടിക്കുന്നത് ദാരിദ്ര്യത്തിലുഴറുന്നവരെയാണ്. ഒന്നുകിൽ ഉരുൾപ്പൊട്ടലായി മലയടിവാരങ്ങളിൽ രാവന്തിയോളം പണിയെടുത്ത് ലയങ്ങളിൽ വസിക്കുന്നവരെയും അല്ലെങ്കിൽ ആർത്തിരമ്പുന്ന മഴവെള്ളപ്പാച്ചിലായി തോട്ടിറമ്പുകളിൽ ടാർപ്പോളിൻ വലിച്ചുകെട്ടി കൂരയാക്കി ജീവിക്കുന്നവരെയുമാണ്. അരികുവല്കരിക്കപ്പെട്ട ആ ജീവിതങ്ങളെയോർത്ത് ആകുലപ്പെടാൻ ആർക്കുണ്ട് നേരം? ഭരണമേലാളന്മാർ ഡച്ച് സാങ്കേതികവിദ്യ പഠിക്കാനും അത് ഇവിടെ പരീക്ഷിക്കാനുമെന്നോണം കുടുംബസമേതം നെതർലാന്റിലേയ്ക്ക് പോകും; വരും! യജമാനഭക്തി മൂത്തവർ നാടിനു വേണ്ടി തങ്ങൾ താങ്ങായി നില്ക്കുന്നുവെന്ന് ബക്കറ്റിനെ കാട്ടി പറഞ്ഞുകൊണ്ടിരിക്കും. പക്ഷേ കോരന് മാത്രം കഞ്ഞി എന്നും കുമ്പിളിൽ തന്നെ. വന്ന് വന്ന് കോരനും ബാക്കിയാവുന്നു! കുമ്പിളും ബാക്കിയാവുന്നു! കഞ്ഞി കാണാപ്പാടകലെയും!!
യാഥാർത്ഥ്യങ്ങൾ കൺ മുന്നിൽ നിരന്നിങ്ങനെ കിടക്കുമ്പോഴും അത് ചോദ്യം ചെയ്യുന്നവരെ , പിഴവുകളെ അക്കമിട്ടു നിരത്തുന്നവരെ ഒക്കെ നിശബ്ദരാക്കാൻ ആ പഴയ ആയുധം തന്നെ അടിമതൊമ്മികൾ പുറത്തെടുത്തു കഴിഞ്ഞു. ഇവിടെ ഭരണമേലാളന്മാർക്ക് പ്രളയവും മഹാമാരിയുമൊക്കെ പണം അടിച്ചു മാറ്റാനുള്ള വമ്പൻ ബംബർ ലോട്ടറിയാണ്. ഉത്തരേന്ത്യയിൽ കൊറോണ പടർന്നു പ്പിടിച്ചപ്പോൾ , ഗംഗാനദിയിൽ കൂടി ഒഴുകിയ ശവങ്ങളുടെ കണക്കെടുപ്പ് ആവേശപൂർവ്വം നടത്തിയ ഊളകളൊക്കെ ഇപ്പൊ മാനവികാവാദികളാണ്. ഓക്സിജന്റെ അഭാവത്തിനു കാരണം മോദിയെന്നാർത്തിരമ്പി പ്രതികരിച്ച ആവേശ കുമാരന്മാരും കുമാരികളും ഒക്കെ വർഷാവർഷം ഇവിടെ നടക്കുന്ന ആവർത്തനപ്രളയത്തിനു കാരണം പാളിപ്പോയ ഡിസാസ്റ്റർ മാനേജ്മെന്റാണെന്നു പോലും സമ്മതിക്കാൻ ഒരുക്കമല്ല. അത്രമേൽ പട്ടേലരുടെ സെന്റുകുപ്പികൾ അവരുടെ സിരാബോധത്തെയും ചിന്താധാരയെയും ബാധിച്ചുകഴിഞ്ഞു. യഥാർത്ഥ നികൃഷ്ടജീവികളെ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു മനുഷ്യരേ!
Post Your Comments