ലക്‌നൗ: തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കാത്തിരുന്ന് കാണാമെന്നും പ്രിയങ്ക പറഞ്ഞു. റായ്ബറേലിയില്‍ നിന്നോ അമേത്തിയില്‍ നിന്നോ മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
‘ഒരു ദിവസം എന്തായാലും മത്സരിക്കേണ്ടി വരും, പക്ഷെ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എപ്പോള്‍ മത്സരിക്കുമെന്ന ചോദ്യത്തോട് ഇപ്പോള്‍ പ്രതികരിക്കാനില്ല. കാത്തിരുന്ന് കാണാം’ എന്ന് പ്രിയങ്ക പറഞ്ഞു. അതേസമയം 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിനായി പ്രിയങ്കാ ഗാന്ധി ലഖ്‌നൗവിലാണ്.
തെരഞ്ഞെടുപ്പില്‍ യുപിയില്‍ 40 ശതമാനം സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. 40 ശതമാനം സീറ്റുകളില്‍ പാര്‍ട്ടിക്കായി വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതിലൂടെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകള്‍ അന്ത്യം കാണുമെന്ന് പ്രിയങ്ക പറഞ്ഞു. സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന പ്രിയങ്ക ഗാന്ധി കുറച്ചു മാസമായി സംസ്ഥാനത്തെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയാണ്.
Post Your Comments